11 December Tuesday
മന്ത്രി ജി സുധാകരൻ സന്ദർശിച്ചു

പുനലൂർ റസ്റ്റ് ഹൗസ് ഉദ്ഘാടനം ജനുവരിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018
പുനലൂർ
പൊതുമരാമത്ത് വകുപ്പിന്റെ നിർമാണം പൂർത്തിയായ റസ്റ്റ്ഹൗസിന്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. റസ്റ്റ് ഹൗസ് മന്ദിരം  മന്ത്രി ജി സുധാകരൻ സന്ദർശിച്ചു. നിർമാണ പ്രവർത്തനങ്ങളിൽ മന്ത്രി തൃപ്തി അറിയിച്ചു. 
മന്ത്രി കെ രാജു, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മൂന്നുകോടി ചെലവിട്ടാണ് പുനലൂർ ടിബി ജങ്ഷനടുത്ത് ആധുനിക സൗകര്യങ്ങളോടെ റസ്റ്റ് ഹൗസ് നിർമിച്ചത്. രണ്ടു നിലയുള്ള മന്ദിരത്തിൽ 12 മുറി വാടകയ്ക്കു നൽകാൻ കഴിയും.
 മൂന്നു മുറിയിൽ ശീതീകരണ സംവിധാനമുണ്ട്.  റസ്റ്റ്ഹൗസിൽ ഓഫീസ് മുറിയും കോൺഫറൻസ് ഹാളും ഡൈനിങ‌് ഹാളുമുണ്ട്. ഇവിടെ ക്യാന്റീൻ പ്രവർത്തിപ്പിക്കും. ക്യാന്റീനും പഴക്കം ചെന്ന രണ്ടു മുറിയും മാത്രമായിരുന്നു പഴയ റസ്റ്റ്ഹൗസിൽ ഉണ്ടായിരുന്നത്. വിഐപി മുറികൾ മാത്രമായിരുന്നതിനാൽ സാധാരണക്കാർക്ക് പുനലൂരിലെ റസ്റ്റ് ഹൗസിൽ മുറിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. കുറഞ്ഞ നിരക്കിൽ താമസിക്കാൻ സൗകര്യമില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്കു പരിഹാരമാണ് പുതിയ റസ്റ്റ് ഹൗസ്. സമീപത്ത് പഴയ മുസാവരി ബംഗ്ലാവ‌് നവീകരിച്ച് സംരക്ഷിച്ചിട്ടുണ്ട്‌. ഈ മന്ദിരം എന്നും സംരക്ഷിക്കണമെന്നും പൊളിച്ചുമാറ്റരുതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. 
ഇതിലെ മുറികളും വാടകയ്ക്കു നൽകിയാൽ കൂടുതൽ പേർക്ക് താമസ സൗകര്യമാകും. അടുത്ത് പൊതുമരാമത്തുവകുപ്പ് ഓഫീസ് പ്രവർത്തിച്ചിരുന്ന രണ്ടുനില മന്ദിരമുണ്ട്. ഇപ്പോൾ താൽക്കാലികമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് കെട്ടിടം നൽകിയിരിക്കുകയാണ്. പുനലൂരിൽ എഡ്യൂക്കേഷൻ കോംപ്ലക്സ് നിർമിക്കുമ്പോൾ ഇപ്പോഴത്തെ കെട്ടിടവും റസ്റ്റ്ഹൗസിന് ഉപയോഗിക്കാവുന്നതേയുള്ളൂ.
പ്രധാന വാർത്തകൾ
Top