Top
26
Wednesday, July 2017
About UsE-Paper

അഗ്നിരക്ഷാ സേനാ വകുപ്പ് ജനകീയമാകുന്നു

Monday Jul 17, 2017
സ്വന്തം ലേഖകന്‍


കൊല്ലം > അപകടങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന അഗ്നിരക്ഷാ വകുപ്പ് പൊതുജനങ്ങളെക്കൂടി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിലെ കാലതാമസം ഒഴിവാക്കി മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് നല്‍കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച കമ്യൂണിറ്റി റെസ്ക്യൂ വളന്റിയര്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ അഗ്നിരക്ഷാസേനയുടെ മുഖഛായ മാറുകയാണ്. ജില്ലയിലെ  വെട്ടിക്കവല പഞ്ചായത്ത്, കൊല്ലം, കരുനാഗപ്പള്ളി പുത്തന്‍ത്തെരുവ് എന്നിവിടങ്ങളില്‍ കമ്യൂണിറ്റി റെസ്ക്യൂ വാളന്റിയര്‍ ടീം രൂപീകരിച്ചു. ഇവര്‍ക്ക് ഇതിനായുള്ള പരിശീലനം ആരംഭിച്ചു. ജില്ലയിലെ ആകെയുള്ള പത്ത് സ്റ്റേഷനുകളില്‍ പദ്ധതി തുടങ്ങുന്നതോടെ അഗ്നിരക്ഷാ സേന ജനകീയമാകും. നിലവിലുള്ള 400 ഓളം ഫയര്‍ സര്‍വീസ് ജീവനക്കാരെ കൂടാതെ രക്ഷാ പ്രവര്‍ത്തനത്തിന് പ്രാപ്തരായ രണ്ടായിരത്തോളം പൊതുജനങ്ങളെക്കൂടി ലഭിക്കും.
ഓരോ പ്രദേശത്തുമുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് പ്രദേശവാസികളും സേവന സന്നദ്ധരുമായ പൊതുജനങ്ങളെ സംഘടിപ്പിച്ച് രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലന ക്ളാസ് നല്‍കും. ഏതുതരം അപകടത്തെയും കൈകാര്യം ചെയ്യാന്‍ പ്രാപ്തരായ വ്യക്തികളാക്കി അവരെ മാറ്റുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്തെ 121 ഫയര്‍ സ്റ്റേഷനുകളുടെ പരിധിയില്‍വരുന്ന ഓരോ പഞ്ചായത്തിലും സേവന സന്നദ്ധരായ യുവതീയുവാക്കളെ ഉള്‍പ്പെടുത്തി അവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിശീലന ക്ളാസുകള്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ് ആരംഭിച്ചു.  ജനപ്രതിനിധികളുടെ പൂര്‍ണമായ സഹകരണത്തോടെ കുറഞ്ഞത് 30 സന്നദ്ധരായ അംഗങ്ങള്‍ക്കുള്ള കമ്യൂണിറ്റി റെസ്ക്യൂ വളന്റിയര്‍ ടീമാണ് ഓരോ പഞ്ചായത്തിലും രൂപീകരിക്കുന്നത്.
ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഏതൊരു അപകടസമയത്തും ലഭിക്കുമെന്നും സുരക്ഷാ മുന്‍കരുതലില്‍ നേടുന്ന അറിവിലൂടെ അപകട രഹിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്നും പദ്ധതിയുടെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ കെ ഷിജു അറിയിച്ചു. ഓരോ പഞ്ചായത്ത് പരിധിയിലും കമ്യൂണിറ്റി റെസ്ക്യൂ വളന്റിയര്‍ സ്കീം ആരംഭിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് പരിധിയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനുകളുമായി ബന്ധപ്പെടാം.