17 December Monday

തഴുത്തല എടിഎം കവർച്ച; 2 പേർ റിമാൻഡിൽ അന്വേഷണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 16, 2018

കൊല്ലം 

കൊട്ടിയം തഴുത്തല എടിഎം കവർച്ചക്കേസിലെ പ്രതികളായ ഹരിയാന സ്വദേശികളെ അറസ്റ്റ‌് ചെയ്യുന്നത‌് പൊലീസിന് ദുഷ്കരമാകുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്നിട്ടുള്ള എടിഎം മോഷണക്കേസുകളിൽപ്പെട്ടവരോ വൻ മോഷണസംഘത്തിൽപ്പെട്ടവരോ ആണ് തഴുത്തല കേസിലും പിടിയിലാകാനുള്ളത്. എടിഎം മോഷണക്കേസിൽ മധ്യപ്രദേശ് പൊലീസും അന്വേഷിക്കുന്ന പ്രതികളാണിവർ. 
ഇവർക്കായി മധ്യപ്രദേശ് പൊലീസും കൊട്ടിയം പൊലീസും പലതവണ ഹരിയാനയിലെ പൽവാൽ ജില്ലയിലെ മേവാസ് ഗ്രാമത്തിൽ എത്തിയിരുന്നു. അവർക്കുണ്ടായ അനുഭവം ഞെട്ടിക്കുന്നതായി. ഹരിയാന പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷകസംഘം അവിടെയെത്തിയത്. മോഷണക്കേസിലെ പ്രതികളെ സംരക്ഷിക്കാനും പൊലീസിനെ ആക്രമിക്കാനും ഗ്രാമവാസികളേറെയും സംഘടിക്കുകയായിരുന്നു. തഴുത്തല എടിഎം മോഷണക്കേസിലെ രണ്ടുപേരെ ഈ ഗ്രാമത്തിൽനിന്ന‌് മധ്യപ്രദേശ് പൊലീസ് നേരത്തെ അറസ്റ്റ‌് ചെയ്തതും വെടിവയ്പ‌് ഉൾപ്പെടെ നടത്തിയാണ്. ഇവർ മധ്യപ്രദേശിൽ എടിഎം മോഷണക്കേസിലെയും പ്രതികളാണ്. കിലോമീറ്ററോളം ചുറ്റപ്പെട്ടു കിടക്കുന്ന മേവാസ് ഗ്രാമത്തിൽ എത്തുന്നതും സാഹസികമാണെന്നാണ് പൊലീസ് പറയുന്നത്. ഇവിടത്തെ നിരവധിപേർ വിവിധ മോഷണക്കേസുകളിലെ പ്രതികളാണ്. എന്നാൽ, ഇവരിൽ ഏറെപ്പേരും ഹരിയാനയിൽ മോഷണത്തിൽ ഏർപ്പെടാറില്ലത്രെ. അതുകൊണ്ടുതന്നെ ഇവരെ പിടികൂടുന്നതിന് ആവശ്യമായ സഹായം ചെയ്തുനൽകുന്നതിന് വേണ്ടത്ര ജാഗ്രത ഹരിയാന പൊലീസിനും ഇല്ല. 
കേസിൽ മൂന്ന് പ്രതികളെക്കൂടിയാണ് അറസ്റ്റ‌് ചെയ്യാനുള്ളത്. പ്രതികൾ ഉപയോഗിച്ച വാഹനവും തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനയുടമയും മേവാസ് ഗ്രാമവാസിയാണ്. ഇയാളെ കസ്റ്റഡിയിലെടുക്കാനും വാഹനം പിടിച്ചെടുക്കാനും അന്വേഷകസംഘം ഹരിയാന പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. 
തഴുത്തല എടിഎമ്മിൽനിന്നു കവർന്ന ആറര ലക്ഷം രൂപ മോഷ്ടക്കൾ പങ്കിട്ടെടുത്തെന്നാണ് വിവരം. നേരത്തെ അറസ്റ്റിലായ പ്രതികളെ മധ്യപ്രദേശ് പൊലീസ് ചാത്തന്നൂർ സിഐ അജയ്നാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. അവരെ ചോദ്യംചെയ്തപ്പോഴാണ് പണം പങ്കിട്ടെടുത്തെന്ന വിവരം ലഭിച്ചത്. ഇവരിപ്പോൾ മധ്യപ്രദേശ് ജയിലിലാണുള്ളത്. അതിനിടെ തഴുത്തല എടിഎം മോഷണക്കേസിലെ പ്രതികളുടെ സംഘത്തിൽപ്പെട്ടവരാണോ കഴിഞ്ഞദിവസം ഇരുമ്പനത്തും കൊരട്ടിയിലും എടിഎം കവർച്ച നടത്തിയതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. എടിഎം മോഷണത്തിലൂടെ കിട്ടുന്ന പണത്തിൽ ഒരുപങ്ക് തീവ്രവാദ ബന്ധമുള്ളവർക്ക് നൽകുന്നുവെന്ന ആക്ഷേപവും ഉയർന്നിരുന്നു. കൂറ്റൻ ഇരുമ്പുമറകൾ മുറിച്ചുമാറ്റാൻ കഴിയുന്ന ഗ്യാസ്കട്ടറാണ‌് ഇവർ ഉപയോഗിക്കുന്നത്. എകെ 47 പോലുള്ള ആയുധങ്ങളും ഇവരുടെ കൈവശമുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മാർച്ച് 18 ന് പുലർച്ചെ മൂന്നിനാണ് തഴുത്തലയിലെ വൺ ഇന്ത്യ ന്യൂജൻബാങ്കിന്റെ എടിഎമ്മിൽ കവർച്ച നടന്നത്.
പ്രധാന വാർത്തകൾ
Top