18 September Tuesday

എസ്ഡിപിഐയും ആർഎസ്എസും ഒരേ കടവിലെ തോണികൾ: എം എം നാരായണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
കൊല്ലം
എസ്ഡിപിഐയും ആർഎസ്എസും ഒരേ കടവിൽ അടുക്കുന്ന തോണികളാണെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി പ്രൊഫ. എം എം നാരായണൻ പറഞ്ഞു. വിപരീത ധ്രുവങ്ങളിൽ നിൽക്കുന്നവരെന്ന പ്രതീതീ അവർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതയുടെ മാർഗവും ലക്ഷ്യവും വർഗ രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്നതാണ്. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള കലാ സാംസ്ക്കാരിക സംഘടനയായ ജ്വാല കലാസമിതി സംഘടിപ്പിച്ച വർഗീയ വിരുദ്ധകൂട്ടായ്മയിൽ 'ചുവരെഴൂത്തുകൾക്ക് പറയാനുള്ളത്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
അഭിമന്യൂവിനെ ന്യൂനപക്ഷ വർഗീയക്കാരും അബൂബക്കർ സിദ്ധിഖിനെ ഭൂരിപക്ഷ വർഗീയക്കാരും അരുകൊല ചെയ്തത് അവർ കൃത്യമായി തയറാക്കിയ പദ്ധതിയുടെ നിർവഹണമാണ്. ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഇവർ അക്രമം കാട്ടുകയും വർഗീയതയുടെ വിളവെടുക്കുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാൻ വലതുപക്ഷത്തിന് കഴിയില്ല. 1957ലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരായ വിമോചന സമരത്തിന്റെ ഉൽപ്പന്നമാണ് യുഡിഎഫ്. അവർക്ക് ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയെ നേരിടാനുള്ള രാഷ്ട്രീയ ആർജവമില്ലെന്നും എം എം നാരായണൻ പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി അനിൽകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എസ് ശ്രീകുമാർ, എസ് ഓമനക്കുട്ടൻ, ജി ധന്യ എന്നിവർ സംസാരിച്ചു. ജ്വാല കലാസമിതി കൺവീനർ വി ആർ അജു സ്വാഗതവും ജോയിന്റ് കൺവീനർ എസ് ഷാഹർ നന്ദിയും പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top