23 September Sunday

പകർച്ചരോഗ വ്യാപനം തടയാൻ വിപുല പരിപാടികളുമായി ആരോഗ്യവകുപ്പ്

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

കൊല്ലം

ജില്ലയിൽ പകർച്ചരോഗങ്ങൾ പടരുന്നത് തടയാൻ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചു. വെള്ളിയാഴ‌്ച തുടങ്ങി 19 വരെ നീളുന്ന പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.  
 ജില്ലയൊട്ടാകെ ശുചീകരണ പരിപാടി നടത്തും. സ്‌കൂൾ, കോളേജ് തലത്തിലാണ് ആദ്യദിന ശുചീകരണം. ജില്ലാതല രോഗാണുനിയന്ത്രണ യൂണിറ്റ് മേൽനോട്ടം വഹിക്കും. ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനമാണ് വിദ്യാലയങ്ങളിൽ നടത്തുക. സ്‌കൂളുകളിൽ ശുചിത്വ പ്രതിജ്ഞ ഏർപ്പെടുത്താൻ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കാണ് ചുമതല. 
പൊതുസ്ഥലങ്ങളിലെ ശുചീകരണ പരിപാടി 15നു രാവിലെ ഒമ്പതിന‌് ജില്ലാ ആശുപത്രിയിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനം ചെയ്യും.
 കെട്ടിടനിർമാണ സ്ഥലങ്ങൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഉറവിട നശീകരണവും ക്ലോറിനേഷനും നടത്തും. ആവശ്യമുള്ളവർക്ക് ഡോക്‌സിസൈക്ലിൻ ഗുളികയും നൽകും. എൻഎസ്എസ് വളന്റിയർമാർ, നേഴ്‌സുമാർ, ആശാ വർക്കർമാർ, ആശുപത്രി ജീവനക്കാർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരുടെ സഹകരണമുണ്ടാകും. 
16ന് വീടുകളിലെ ഉറവിട നശീകരണം നടത്തും. 17ന് സുരക്ഷിത കുടിവെള്ളം ക്യാമ്പയിന്റെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. 18ന് പാഴ്‌വസ്തു വ്യാപാര സ്ഥാപനങ്ങൾ, ടയർ, കരിക്ക് കടകൾ എന്നിവിടങ്ങൾ പരിശോധിച്ച് ആവശ്യമായ ശുചീകരണം ഉറപ്പാക്കും. 19ന് ഹോട്ടലുകളിൽ പരിശോധനയും നടത്തും. 
ജില്ലയിൽ വ്യാഴാഴ‌്ച 605 പേർ പനിക്ക് ചികിത്സ തേടി. ഇരവിപുരം, വാടി എന്നിവിടങ്ങളിലെ രണ്ടു പേർക്ക് ഡെങ്കിപ്പനിയും പിറവന്തൂരിൽ നാലു പേർക്ക് എലിപ്പനിയും സംശയിക്കുന്നു. പിറവന്തൂർ സ്വദേശിയായ ദേവസ്യ (57) എലിപ്പനി ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 
പ്രധാന വാർത്തകൾ
Top