25 September Tuesday

പേരൂർ രഞ്ജിത‌് വധം: ഒരാൾകൂടി പിടിയിൽ

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

കൊല്ലം

പേരൂർ രഞ്ജിത‌് വധക്കേസിൽ മുഖ്യപ്രതികളിലൊരാൾ  അറസ്റ്റിലായി. കൊല്ലം ഡീസന്റ് ജങ്‌ഷൻ  കോണത്തുവടക്കതിൽ വിഷ്‌ണു (21)വിനെ തെങ്കാശിയിലെ ബന്ധുവീട്ടിൽനിന്ന‌ാണ‌്  സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ സംഘം പിടികൂടിയത‌്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പേരൂരിലെ വീട്ടിൽനിന്ന് രഞ്ജിത്തിനെ  വിഷ‌്ണു ഉൾപ്പെട്ട സംഘമാണ‌് തട്ടിക്കൊണ്ടുപോയതെന്ന‌് പൊലീസ‌് പറഞ്ഞു. കാട്ടുണ്ണി, കുക്കു, കൈതപ്പുഴ ഉണ്ണി എന്നിവരാണ‌് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.  കൈതപ്പുഴ ഉണ്ണി, വിനീഷ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. വ്യാഴാഴ‌്ച വൈകിട്ട് കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട‌് കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ‌് ചെയ്തു. 
രഞ്ജിത്തിന്റെ മൃതദേഹം പ്രതികൾ ഒളിപ്പിച്ച നാഗർകോവിലിനു സമീപം സമുന്ദാപുരത്ത് മൂന്നുപേരെയും ഒരുമിച്ചു കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.  മുഖ്യ പ്രതി പാമ്പ് മനോജ് എന്ന മനോജ്, കുക്കു, കാട്ടുണ്ണി എന്ന ഉണ്ണി എന്നിവർ ഒളിവിലാണ‌്. വിഷ‌്ണുവിന്റെ അറസ്റ്റോടെ ഇവരുടെ ഒളിത്താവളത്തെക്കുറിച്ച‌്   വിവരം ലഭിക്കുമെന്നാണ് അന്വേഷക സംഘത്തിന്റെ പ്രതീക്ഷ.
പാമ്പ് മനോജിന്റെ ഭാര്യ രഞ്ജിത്തിനൊപ്പം താമസമാക്കിയതിന്റെ വിരോധത്തിൽ ആഗസ്ത‌് 15ന് പകൽ 3.30ന‌് കൊറ്റങ്കര അയ്യരുമുക്ക് പ്രോമിസ് ലാൻഡിൽ രഞ്ജിത്തിനെ (40) വീട്ടിൽനിന്ന് കാറിൽ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.  രഞ്ജിത്തിനെ ചാത്തന്നൂർ പോളച്ചിറ ഏലായിലെ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച‌്   പാമ്പ് മനോജിന്റെ നേതൃത്വത്തിൽ കാറിനുള്ളിലിട്ട്  മർദിച്ച‌് കൊലപ്പെടുത്തി. മൃതദേഹം നാഗർകോവിൽ വഴി സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകൾ നിക്ഷേപിക്കുന്ന ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. വിനീഷാണ‌്  മൃതദേഹം കൊണ്ടുപോകാൻ വാഹനം ഏർപ്പാടാക്കിയത് . ഇരവിപുരം സിഐ ബി പങ്കജാക്ഷൻ, കിളികൊല്ലൂർ  എസ്ഐ വി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ‌് അന്വേഷണം.
പ്രധാന വാർത്തകൾ
Top