22 September Saturday

ആർക്കോ വേണ്ടി ഓടുന്ന ട്രെയിൻ; കൊല്ലം‐പുനലൂർ പാതയിൽ യാത്ര ദുരിതം

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

കൊല്ലം

കൊല്ലം ‐ പുനലൂർ പാതയിൽ ട്രെയിനുകളുടെ സമയക്രമം   യാത്രക്കാരെ വലയ്ക്കുന്നു. സംസ്ഥാനത്ത് എവിടെ പാളത്തിൽ അറ്റകുറ്റപ്പണി നടന്നാലും കൊല്ലം ‐ പുനലൂർ സർവീസ് റദ്ദാക്കുന്നത് പതിവ്.  റെയിൽവേ ആഗസ‌്ത‌് 15ന് പ്രഖ്യാപിച്ച സമയക്രമം അശാസ്ത്രീയമാണെന്ന ആക്ഷേപമാണ് ഉയരുന്നത്. 
കൊല്ലത്തുനിന്ന് പുനലൂരിലേക്ക് ദിവസവും രാവിലെ 6.30ന് ആയിരുന്നു ആദ്യ സർവീസ്. തിരുവനന്തപുരത്തുനിന്ന് വേണാട് എക്സ്പ്രസിൽ വരുന്ന യാത്രക്കാർക്ക് പുനലൂർ ഭാഗത്തേക്ക് പോകാൻ ഏറ്റവും സൗകര്യപ്രദമായിരുന്നു ഈ സർവീസ്. 
എന്നാൽ, പുതിയ സമയക്രമത്തിൽ പുനലൂരിലേക്ക്  ആദ്യ ട്രെയിൻ 6.15ന് പുറപ്പെടും. പുനലൂരിൽനിന്ന് രാവിലെ 8.15ന് കൊല്ലത്തേക്ക് തിരിക്കുന്ന 56331 നമ്പർ ട്രെയിൻ സർക്കാർ ജീവനക്കാർക്കും വിദ്യാർഥികൾക്കും ആശ്രയമായിരുന്നു. ഈ ട്രെയിൻ പുറപ്പെടുന്ന സമയം 7.55 നാക്കിയതും യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ഗുരുവായൂർ ‐ പുനലൂർ പാസഞ്ചർ കൊല്ലത്തുനിന്ന് പുനലൂരിലേക്ക് തിരിക്കുന്നത് പകൽ ഒന്നിനാണ്. അതുകഴിഞ്ഞാൽ പുതിയ സമയക്രമത്തിൽ പുനലൂരിലേക്കു പോകാൻ  വൈകിട്ട് ആറുവരെ കാക്കണം. 
നേരത്തെ ഈ ട്രെയിൻ കൊല്ലത്തുനിന്ന്  5.30നാണ് യാത്രതിരിച്ചിരുന്നത്. 
പുനലൂരിൽനിന്ന് കൊല്ലത്തേക്ക് പകൽ 11.10നുള്ള സർവീസ് കഴിഞ്ഞാൽ പുതിയ സമയക്രമത്തിൽ  3.30ന് മധുര പാസഞ്ചറും 3.50ന് ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചറും മാത്രമാണ്. ഇതിലൊന്ന് പകൽ ഒന്നിനുശേഷം പുനലൂരിൽനിന്ന് പുറപ്പെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. 
കോട്ടയത്തുനിന്ന് രാവിലെ 7.45ന് കൊല്ലത്ത് എത്തുന്ന കോട്ടയം ‐ കൊല്ലം പാസഞ്ചറാണ് 8.40ന് പുനലൂരിലേക്ക് പോകുന്നത്. മിക്ക ദിവസങ്ങളിലും ഈ ട്രെയിൻ കൊല്ലത്തുവരെ മാത്രമാണ് സർവീസ് നടത്തുന്നത്. 
കൊല്ലം ‐ പുനലൂർ ട്രെയിൻ സമയക്രമം യാത്രക്കാർക്ക് പ്രയോജനപ്പെടുുന്ന തരത്തിൽ ക്രമീകരിക്കണമന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജില്ലാ പ്രസിഡന്റ് ടി പി ദീപുലാൽ എന്നിവർ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
Top