21 June Thursday

അക്ഷരം മിഴിയെഴുതിയ കൊല്ലത്ത് വീണ്ടും എഴുത്തിന്റെ മഹാസംഗമം

* ബി ആര്‍ ശ്രീകുമാര്‍Updated: Thursday Sep 14, 2017

ദേശാഭിമാനി സാഹിത്യ പുരസ്കാര സമര്‍പ്പണ ചടങ്ങിന്റെ പ്രചാരണ വാഹനം സിപിഐ എം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ഫ്ളാഗ് ഓഫ് ചെയ്യുന്നു

കൊല്ലം > അക്ഷരങ്ങള്‍ക്ക് ആദ്യമായി മഷിപുരട്ടിയ കൊല്ലത്തിന്റെ മണ്ണ് മഹത്തായ സാഹിത്യസംഗമത്തിന് വേദിയാകുന്നു.  ദേശാഭിമാനിയുടെ പ്ളാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്ക്കാര സമര്‍പ്പണം കേരളത്തില്‍ അച്ചടിയുടെ ചരിത്രത്തിന് തുടക്കം  കുറിച്ച കൊല്ലം നഗരത്തില്‍ വ്യാഴാഴ്ച നടക്കും. മലയാള സാഹിത്യത്തിലെ വിവിധ ശാഖകളില്‍ നിന്ന് തെരഞ്ഞെടുത്ത ഈടുറ്റ കൃതികളുടെ രചയിതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കുമ്പോള്‍ അത് പോരാട്ട സ്മരണകള്‍ ദീപ്തമാക്കിയ കൊല്ലം നഗരിയുടെ ചരിത്രത്തിലെ പുതിയ ഏടാകും. നോവല്‍ സാഹിത്യത്തില്‍ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍, ചെറുകഥയില്‍ അയ്മനം ജോണ്‍, കവിതയില്‍ കെ വി രാമകൃഷ്ണന്‍, ഇതര സാഹിത്യത്തില്‍ ഡോ.ടി ആര്‍ രാഘവന്‍ എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങുന്നത്. 1578ല്‍ കൊല്ലത്ത് അച്ചടിച്ച ‘ഡോക്ട്രീന ക്രിസ്ത’ എന്ന 16 പേജുള്ള തമിഴ് പുസ്തകമാണ് കേരളത്തില്‍ ആദ്യമായി അച്ചടിച്ചതെന്ന് ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ന്ന് 1886 ആഗസ്ത് 8ന് സുബ്ബയ തെന്നാട്ട് റെഡ്യാര്‍ മുദ്രാലയവും പ്രസിദ്ധീകരണശാലയും സ്ഥാപിച്ചതോടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തില്‍ കൊല്ലം പുതിയ അധ്യായം രചിച്ചു. നിരവധി പ്രസിദ്ധീകരണശാലകള്‍ കൊല്ലത്ത് ആരംഭിച്ചു. കൊല്ലത്തു നിന്ന് ആദ്യം മാസികയായി പ്രസിദ്ധീകരിച്ച ‘മലയാളി’ പിന്നീട് ദിനപത്രമായി തിരുവിതാംകൂറിന്റെ രാഷ്ട്രീയരംഗത്ത് വലിയ ഇടപെടല്‍ നടത്തിയ മാധ്യമമായി മാറി. തുടര്‍ന്ന് പ്രഭാതം, നവകേരളം, യുവകേരളം, പൌരധ്വനി, ജനയുഗം, നവഭാരതം തുടങ്ങിയ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. 1920നും 1929നും ഇടയില്‍ കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മാസികകള്‍ നിരവധി. മലയാള സാഹിത്യത്തിന് കൊല്ലം നല്‍കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. മഹാകവി കെ സി കേശവപിള്ള, അഴകത്ത് പത്മനാഭക്കുറുപ്പ്, പരവൂര്‍ കേശവനാശാന്‍, സി വി കുഞ്ഞുരാമന്‍, സി എസ് സുബ്രഹ്മണ്യന്‍പോറ്റി, ഇ വി കൃഷ്ണ പിള്ള, ജി രാമന്‍ മേനോന്‍, പന്നിശ്ശേരി നാണുപിള്ള, ഇളംകുളം കുഞ്ഞന്‍പിള്ള, ലളിതാംബിക അന്തര്‍ജ്ജനം, ഡി വിനയചന്ദന്‍, കെ ദാമോദരന്‍, പുളിമാന പരമേശ്വരന്‍പിള്ള, സി എന്‍ ശ്രീകണ്ഠന്‍നായര്‍, കാമ്പിശ്ശേരി കരുണാകരന്‍, പട്ടത്തുവിള കരുണാകരന്‍, തോപ്പില്‍ ഭാസി, പുനലൂര്‍ ബാലന്‍, തേവാടി നാരായണക്കുറുപ്പ്, ഒ നാണു ഉപാധ്യായന്‍, വേലുക്കുട്ടി അരയന്‍, തിരുനല്ലൂര്‍ കരുണാകരന്‍, കാക്കനാടന്‍ തുടങ്ങി ജ്ഞാനപീഠ ജേതാവ് മഹാകവി ഒ എന്‍ വി കുറുപ്പ് ഉള്‍പ്പെടെ മഹാരഥന്മാരായ സാഹിത്യനായകര്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് കൊല്ലം. ചിന്നക്കടയിലെ ട്രേഡ് യൂണിയന്‍ ഓഫീസില്‍ ഇരുന്നാണ് പി കേശവദേവ് പ്രസിദ്ധമായ ‘ഓടയില്‍ നിന്ന് നോവല്‍ എഴുതിയത്. ചരിത്ര പ്രസിദ്ധമായ പല സാഹിത്യ സമ്മേളനങ്ങള്‍ക്കും കൊല്ലം സാക്ഷിയായിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനം കൊല്ലവര്‍ഷം 1106 ധനു 14മുതല്‍ 16വരെ കൊല്ലത്ത് ആര്‍ഭാടപൂര്‍വം നടന്നു. സമ്മേളനം ഉദ്ഘാടനം ചെയ്തത്  മഹാകവി വള്ളത്തോളായിരുന്നു. ചരിത്രം സൃഷ്ടിച്ച മറ്റൊരു സംഭവമായിരുന്നു 1948ല്‍ നടന്ന പുരോഗമന കലാ സാഹിത്യ സമ്മേളനം. കിഷന്‍ ചന്ദര്‍ ഉള്‍പ്പെടെ പ്രമുഖ പുരോഗമന സാഹിത്യകാരന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വീണ്ടുമൊരു സാഹിത്യ സമാഗമത്തിന് വേദിയാകുമ്പോള്‍ അത് കൊല്ലത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ മറ്റൊരു സുവര്‍ണ അധ്യായമാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top