10 December Monday

'തുറക്കാൻ പറ്റാത്തവിധം ഡോർ ലോറിയിലേക്ക് ഇടിച്ചുകയറി'

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

അപകടത്തിൽ തകർന്ന കെഎസ്‌ആർടിസി സൂപ്പർ എക്‌സ്‌പ്രസ്‌ ബസ്‌

കൊല്ലം
'നല്ല മയക്കത്തിലായിരുന്നു, ഇടിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. മറ്റു യാത്രക്കാരുടെ രക്ഷിക്കണേയെന്ന നിലവിളിയും ബഹളവുമാണ് കേട്ടത്.
 തുറക്കാൻ പറ്റാത്തവിധം ബസിന്റെ മുൻഭാഗത്തെ ഡോർ ലോറിയിലേക്ക് ഇടിച്ചുകയറിയിരുന്നു'. ദേശീയപാതയിൽ ഇത്തിക്കര പാലത്തിനു സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസിലെ യാത്രക്കാരൻ പരിക്കേറ്റ കോഴിക്കോട് നോർത്ത് ബേപ്പൂർ സൗപർണികയിൽ രാഹുൽദേവ് (26) പറഞ്ഞു. 
ബസിന്റെ തകർന്ന മുൻഭാഗത്തെ ഡോറിൽ മറ്റൊരു യാത്രക്കാരന്റെ കാൽ കുരുങ്ങിക്കിടന്നിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയപ്പോഴാണ് അത് കോഴിക്കോട് സ്വദേശിയായ റിജോ ആണെന്ന് തിരിച്ചറിഞ്ഞത്. അപകടത്തിനു കാരണം ബസ് ഡ്രൈവർ മയങ്ങിയതാകാമെന്നും രാഹുൽദേവ് പറഞ്ഞു. ജോലി ചെയ്യുന്ന തിരുവനന്തപുരം ഇൻഫോസിസിലേക്ക് പോയ രാഹുലിന് കാലിനും നെറ്റിക്കുമാണ് പരിക്ക്. ഇടിയുടെ ശബ്ദം കേട്ടാണ് ഉണർന്നതെന്ന് പരിക്കേറ്റ ബസ് യാത്രക്കാരൻ കോഴിക്കോട് പാക്കാവ് സ്വദേശി റിജോയും (23) പറഞ്ഞു. ബസ് ലോറിയിലേക്ക് ചെന്നിടിക്കുകയായിരുന്നുവെന്ന് പിന്നീട് വാട്സാപ്പിൽ വന്ന അപകടത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. 
കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരനായ റിജോയുടെ വാരിയെല്ല് അപകടത്തിൽ പൊട്ടി. 
വലതുകാലിനും ഗുരുതര പരിക്കുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച റിജോയെ കോഴിക്കോട് മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌ു മാറ്റി. 
 പരിക്കേറ്റ പെരുമ്പുഴ പുനുക്കന്നൂർ യമുന ഭവനിൽ ദിവാകരൻ (68) തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ യൂറോളജിസ്റ്റിനെ കാണാനായിട്ടാണ് കൊല്ലം സ്റ്റാൻഡിൽനിന്നു ബസിൽ കയറിയത്. പിറകിലെ സീറ്റാണ് ലഭിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയി കമ്പിയിൽ ഇടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വൈകിട്ട‌് വീട്ടിലേക്ക് പോയെങ്കിലും രാത്രിയിൽ തിരികെയെത്തി ചികിത്സ തുടർന്നു. 
കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് ഏകറോഡ് പൊയ്യിൽ ഹൗസിൽ രാജഗോപാൽ (55), തിരുവനന്തപുരം മലയിൻകീഴ് വിശാഖത്തിൽ ജയകുമാർ, കോഴിക്കോട് സ്വദേശി തേജസ് (24) എന്നിവരും ആശുപത്രി വിട്ടു. ഇതിൽ രാജഗോപാലിനെ തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌ു മാറ്റി.
പ്രധാന വാർത്തകൾ
Top