11 December Tuesday
മീൻകുട്ട മുതൽ ചോറ്റുകുട്ട വരെ

പഴമയുടെ വീണ്ടെടുപ്പിന്‌ തമിഴ‌് സംഘങ്ങൾ

സ്വന്തം ലേഖകൻUpdated: Tuesday Nov 13, 2018

പത്തനാപുരം

വലിപ്പവും ആകൃതിയും  പറഞ്ഞാൽ മതി  മീൻകുട്ട മുതൽ ചോറുകുട്ട വരെ ഉടൻ റെഡി. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ കണ്ടാൽ  ഒരെണ്ണം സ്വന്തമാക്കാൻ ആരും കൊതിക്കും.   സമയം പാഴാകുമെന്നും കരുതേണ്ട. അതിർത്തികളിലെ മുളങ്കാടുകളിലെ  മഞ്ഞമുളയിൽനിന്നുള്ള ഉൽപ്പന്നങ്ങൾ നിമിഷനേരം കൊണ്ട‌്  ഇവർ തയ്യാറാക്കി നൽകും.  ഉപയോക്താവിന്റെ ഇഷ്ടാനുസരണം  ഏത‌് ആകൃതിയിലും വലിപ്പത്തിലും തയ്യാറാക്കി നൽകുമെന്നത‌് ഇവരുടെ പ്രത്യേകത. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ തമ്പടിച്ചിട്ടുള്ള തമിഴ്നാട്ടിൽനിന്നുള്ള  സംഘങ്ങളാണ‌് പഴമയിലേക്ക‌് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത‌്.      തെങ്കാശി, ചെങ്കോട്ട, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നുള്ള സംഘങ്ങളാണ്  വിൽപ്പനയ്ക്കായി  എത്തിയിരിക്കുന്നത്. അതിർത്തിയിലെ കാടുകളിൽനിന്നു ശേഖരിക്കുന്ന മഞ്ഞമുള ചെറുതായി കീറി ഉണക്കിയെടുത്താണ‌് നിർമാണം. മുള ചെത്തി വൃത്തിയാക്കി ചെറു കഷണങ്ങളാക്കിയാണ‌്  എത്തിക്കുന്നത‌്. മുളവള്ളികളുടെ കെട്ടുകളുമായി തിരക്കേറിയ പാതയോരത്ത് തമ്പടിക്കുന്ന സംഘങ്ങൾ ഏറെയും വാഹനയാത്രക്കാരെയാണ‌് ലക്ഷ്യമിടുന്നത‌്. കുട്ട, വട്ടി, ചോറുകുട്ട, ഊറി, പരമ്പ്, കയ്യാലക്കുട്ട, അടപ്പുകുട്ട, മുറം, മീൻകുട്ട എന്നിങ്ങനെ വിവിധ സാധനങ്ങളാണ‌് ഇത്തരത്തിൽ ഇവർ വിൽക്കുന്നത‌്.  20 മുതൽ 250 രൂപ വരെയാണ് വില.
പഴയകാലത്ത് ഈറ്റ ഉൽപ്പന്നങ്ങളില്ലാത്ത വീടുകൾ കേരളത്തിൽ അപൂർവമായിരുന്നു. ഓണക്കാലത്തായിരുന്നു ഈറ്റ, മുള ഉൽപ്പന്നങ്ങളുടെ വിൽപ്പന  അധികവും നടന്നിരുന്നത‌്.
പ്രധാന വാർത്തകൾ
Top