23 September Sunday
തെന്മല പൊലീസ് സ്റ്റേഷൻ

പുതിയ മന്ദിരം നിർമിക്കുംവരെ നിലവിലുള്ള സ്ഥലത്ത് നിലനിർത്തണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പുനലൂർ തെന്മലയിലെ പൊലീസ് സ്റ്റേഷൻ പുതിയ മന്ദിരം നിർമിക്കും വരെ നിലവിലുള്ള സ്ഥലത്ത് നിലനിർത്തണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എസ് ബിജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തെന്മലയിൽ വനംവകുപ്പിന്റെ അധീനതയിലുള്ള 95 സെന്റ് സ്ഥലം സ്റ്റേഷൻ നിർമിക്കാൻ വിട്ടുനൽകാനുള്ള നീക്കമുണ്ട്. അതു വരെ സ്റ്റേഷൻ ഇപ്പോഴത്തെ സ്വകാര്യ എസ്റ്റേറ്റിലെ കെട്ടിടത്തിൽനിന്ന് തെന്മല ഡാം ജങ്ഷനിലെ കെഐപി മന്ദിരത്തിലേക്ക് മാറ്റാനാണ് തീരുമാനം. പൊലീസ് സ്റ്റേഷനു പുതിയ കെട്ടിടമുണ്ടാകേണ്ടതും വനം വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നതും സ്വാഗതാർഹമാണ്. എന്നാൽ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി പുതിയ മന്ദിരം നിർമിച്ച് സ്റ്റേഷൻ മാറ്റാമെന്നിരിക്കെ, ധൃതിപിടിച്ച് കെഐപി കെട്ടിടത്തിലേക്ക‌ു മാറ്റാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ട്. ഇത് സ്വകാര്യ തോട്ടമുടമയെ സഹായിക്കാനാണെന്ന ആക്ഷേപത്തിന് ഇടയാക്കും. ഹാരിസൺ മലയാളം പ്ലാന്റേഷന് പാട്ടക്കരാർ വ്യവസ്ഥയിൽ സർക്കാർ നൽകിയ ഭൂമിയിലാണ് സ്റ്റേഷൻ വർഷങ്ങളായി പ്രവർത്തിക്കുന്നത്. ഈ തോട്ടം പിന്നീട് ഹാരിസൺ മാനേജ്മെന്റ് സ്വകാര്യ വ്യക്തിക്ക് വിൽക്കുകയായിരുന്നു. നിലവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന എസ്റ്റേറ്റ് ഭൂമിയിൽ റവന്യു പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് അളന്നു തിട്ടപ്പെടുത്തിയാൽ വികസന പ്രവർത്തനങ്ങൾക്കും പൊതു ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. തെന്മല വർഷങ്ങളായി നേരിടുന്ന വികസന പ്രതിസന്ധി സ്ഥലലഭ്യതയില്ലാത്തതാണ്. സ്വകാര്യ എസ്റ്റേറ്റ് ഉടമ തർക്കം ഉന്നയിച്ച സ്ഥലം ഒഴികെ പരിഗണിച്ചാലും അവിടെ ധാരാളം റവന്യൂ പുറമ്പോക്കു ഭൂമിയുണ്ട്. ഈ സ്ഥലത്തോ വനഭൂമിയിലോ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കണം‌. പകരം അനവസരത്തിൽ കെഐപി കെട്ടിടത്തിലേക്ക് സ്റ്റേഷൻ മാറ്റുന്നത് അനുവദനീയമല്ല. പൊലീസ് സ്റ്റേഷന‌് ഭൂമി ലഭ്യമാക്കൽ, സ്റ്റേഷൻ മാറ്റൽ തുടങ്ങിയ വിഷയങ്ങളിൽ ജനപ്രതിനിധികൾ പൊതുപ്രവർത്തകർ എന്നിവരുമായി ചർച്ച നടത്താൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറായതുമില്ല. നിലവിൽ ലഭ്യമാക്കാമെന്ന് നിർദേശിച്ചിട്ടുള്ള വനഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂ, വനം വകുപ്പുകളുടെ തർക്കങ്ങളുണ്ട്. ഇതിന് പരിഹാരം കാണാതെയാണ് സ്റ്റേഷൻ മാറ്റൽ നടപടി ധൃതഗതിയിൽ നടക്കുന്നത്. സ്റ്റേഷൻ മന്ദിരം നിർമിക്കും വരെ നിലവിലുള്ള സ്ഥലത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, കലക്ടർ, റൂറൽ എസ‌്‌പി എന്നിവർക്ക് നിവേദനം നൽകിയെന്നും എസ് ബിജു പറഞ്ഞു. തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ ലൈലജ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുരേഷ്, വി എസ് മണി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
Top