20 November Tuesday

ആറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

വെള്ളം കുറഞ്ഞ് വീണ്ടും പാറകൾ തെളിഞ്ഞു തുടങ്ങിയ മുക്കടവ‌്

പുനലൂർ
മഴയിൽ കരകവിഞ്ഞ കല്ലടയാറും സമീപ തോടുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വരാനിരിക്കുന്ന കൊടുംവരൾച്ച  മലയോരനാടിനെ  ആശങ്കപ്പെടുത്തുന്നു. കിണറുകളിലും വെള്ളംവറ്റിത്തുടങ്ങി. പുനലൂർ കല്ലടയാറ്റിൽ വൻതോതിൽ വെള്ളം താഴ്ന്നു. ചാലിയക്കരയാർ ഒഴുകിയെത്തുന്ന മുക്കടവിൽ വീണ്ടും പാറക്കെട്ടുകൾ തെളിഞ്ഞു. കല്ലടയാറിന്റെ തീരങ്ങളും വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിലും മണലടിഞ്ഞതും ആറിന്റെ ആഴം കുറച്ചു. കല്ലടയാറ്റിൽ പേപ്പർമിൽ ഭാഗത്ത് തടയണയുടെ തകർച്ച പരിഹരിച്ചിട്ടില്ല. ഉയരം കൂട്ടിയിട്ടുമില്ല. ഇതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ കഴിയില്ല. പുനലൂർ കുടിവെള്ള പദ്ധതിയുടെ പമ്പ് വെൽ ജലനിരപ്പിന് മുകളിൽ തെളിഞ്ഞു തുടങ്ങി. വൈകാതെ പമ്പിങ്ങും തടസ്സപ്പെടും.
   പുനലൂരിൽ ചൂടും വർധിച്ചു. പകൽ പട്ടണത്തിലിറങ്ങാൻ കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും മടിക്കുന്നു. കേരളത്തിൽ പകൽ താപനില കൂടിയ പ്രദേശമായ പുനലൂരിനെ കടുത്ത ചൂട്പൊള്ളിക്കുന്നു. ബുധനാഴ്ച 36.2 ഡിഗ്രി സെൽഷ്യസാണ് പകലത്തെ താപനില രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 35 ഡിഗ്രി സെൽഷ്യസും. അസഹനീയമായ ചൂടും ജലാശയങ്ങൾ വറ്റാൻ കാരണമാകുന്നു. കാലാവസ്ഥ വ്യതിയാനം മലയോര നാട്ടിൽ കൊടും വരൾച്ചയുടെ ആഘാതം കൂട്ടും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top