18 November Sunday
കെഎസ്‌ആർടിസി സിംഗിൾഡ്യൂട്ടി പരിഷ്കാരം

നടപ്പാക്കിയത്‌ അശാസ്‌ത്രീയമായി; ബസ്‌ സർവീസ്‌ തോന്നിയതുപോലെ

സ്വന്തം ലേഖകന്‍Updated: Thursday Sep 13, 2018
കൊല്ലം
കെഎസ്ആർടിസിയിൽ സിംഗിൾഡ്യൂട്ടി പരിഷ്കാരം അശാസ്ത്രീയമായി നടപ്പാക്കിയത് ജില്ലയിൽ ജനപ്രീതി നേടിയ വേണാട് സർവീസിനെ ഉൾപ്പെടെ ബാധിച്ചു. ഗ്രാമീണ സർവീസുകൾ താളംതെറ്റി. പ്രധാന റൂട്ടുകളിൽ അര മണിക്കൂർ കഴിഞ്ഞാലും ബസ് കിട്ടാത്ത അവസ്ഥയിൽ യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. ഡ്യൂട്ടി പരിഷ്കാരത്തിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽനിന്ന‌് വന്നുപോകുന്ന ബസുകളുടെ എണ്ണം തീരെക്കുറയുകയും ഇത് മറികടക്കും വിധം സർവീസുകൾ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിൽ വന്ന പോരായ‌്മയാണ് യാത്രക്കാരെ വലയ്ക്കുന്നത്. 
സർക്കാർ നയത്തിന്റെ ഭാഗമായ സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തെ ജീവനക്കാർ സ്വാഗതം ചെയ്തതാണ്. എന്നാൽ, എംഡി ടോമിൻ തച്ചങ്കരി ട്രേഡ് യൂണിയനുകളുമായി ആലോചിക്കാതെ ഏകപക്ഷീയമായി സിംഗിൾ ഡ്യൂട്ടി നടപ്പാക്കുകയായിരുന്നു. ഇതോടെ ഗ്രാമ, നഗര വ്യത്യാസമില്ലാതെ റൂട്ടുകളിൽ ബസിന്റെ എണ്ണം കുറയുകയും സമയം മാറ്റിമറിക്കപ്പെടുകയും ചെയ്തു. ഇത് യാത്രക്കാർക്ക് തിരിച്ചടിയായി. വർഷങ്ങളായി ആശ്രയിക്കുന്ന ബസുകൾ നിലച്ചത് യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞദിവസം ഒറ്റയ്ക്കൽ സ്കൂൾ വിദ്യാർഥികൾ ബസ് കിട്ടാതെ വലഞ്ഞു. ഇതോടെ തെന്മല പഞ്ചായത്ത് പ്രസിഡന്റ് ലൈലജയും മറ്റ് ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരും വിദ്യാർഥികളും കെഎസ്ആർടിസി ഫാസ്റ്റ‌് പാസഞ്ചർ ബസ് തടഞ്ഞിട്ടു. ഒടുവിൽ പുനലൂർ ഡിപ്പോയിൽനിന്ന‌് ഓർഡിനറി ബസ് വിട്ടുനൽകിയാണ് പ്രതിഷേധം തണുപ്പിച്ചത്. ഇതു തന്നെയാണ് പലയിടത്തെയും അവസ്ഥ. 
കൊല്ലം‐ കല്ലമ്പലം, കൊല്ലം‐ പുനലൂർ ദേശീയപാതകളിൽ ഉൾപ്പെടെ യാത്രക്കാർ ബസ് കിട്ടാതെ വഴിയിൽ ക്ലേശം അനുഭവിക്കുകയാണ്. കൂടാതെ കൊല്ലം‐ പത്തനംതിട്ട, കൊല്ലം‐ കുളത്തൂപ്പുഴ, കൊല്ലം‐ ചെങ്ങന്നൂർ, കരുനാഗപ്പള്ളി‐ കൊട്ടാരക്കര ചെയിൻ വേണാട് സർവീസുകൾക്കും കൊട്ടാരക്കര‐ പാരി
പ്പള്ളി, പുനലൂർ‐കാഞ്ഞിരപ്പള്ളി, കൊട്ടാരക്കര‐കൊല്ലം‐കരു
നാഗപ്പള്ളി തുടങ്ങിയ സർവീസുകൾക്കും ബസ് ഇല്ലാത്ത അവസ്ഥയുമുണ്ട്. ഈ റൂട്ടുകളിൽ 
സമയം തെറ്റിച്ചാണ് ബസ് സർവീസ് നടക്കുന്നത്. 
കൊല്ലം‐ പുനലൂർ, കൊല്ലം‐ പത്തനംതിട്ട റൂട്ടുകളിൽ ബസ് കാത്ത് യാത്രക്കാർ പെരുവഴിയിലാകുന്നത് നിത്യസംഭവമായി. റൂട്ടിൽ യാത്രക്കാരുടെ തിരക്കുള്ളതും ഇല്ലാത്തതുമായ സമയം കൃത്യമായി തിട്ടപ്പെടുത്തി ബസുകളുടെ ട്രിപ്പ് ക്രമപ്പെടുത്താതെയാണ് ഇപ്പോൾ നടത്തിയിട്ടുള്ള പരിഷ്കാരം. ഇത‌് ഉൾപ്പെടെ ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകളുമായി തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയും എംഡിയും നടത്തിയ ചർച്ചയിൽ തീരുമാനമുണ്ടായില്ല. കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ ഗ്രാമീണ സർവീസ‌് ഉൾപ്പെടെ വെട്ടിച്ചുരുക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 
 
പ്രധാന വാർത്തകൾ
Top