21 November Wednesday
ഓണക്കാലം

ആശ്വാസ ധനസഹായം, പെൻഷൻ വിതരണത്തിന് നടപടിയായി

സ്വന്തം ലേഖകൻUpdated: Monday Aug 13, 2018

 കൊല്ലം

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് ആശ്വാസ ധനസഹായമായി 2000 രൂപയും 10 കിലോ അരിയും വിതരണം ചെയ്യും.  44000 തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തുക വിതരണത്തിന് കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡിന് സംസ്ഥാന സർക്കാർ 11 കോടി രൂപ അനുവദിച്ചു. 
സംസ്ഥാനത്ത് നാനൂറിലധികം സ്വകാര്യ കശുവണ്ടി ഫാക്ടറികളാണ് അടഞ്ഞുകിടക്കുന്നത്. ഇതിലേറെയും കൊല്ലം ജില്ലയിലാണ്. തുക വിതരണത്തിന് 500 തൊഴിലാളികൾക്ക് ഒരു കൗണ്ടർ എന്ന നിലയിലാണ് ഒരുക്കുന്നതെന്നും വിതരണം 16 മുതൽ തുടങ്ങുമെന്നും കശുവണ്ടിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ മടന്തകോട് മുരളി പറഞ്ഞു. അതിനിടെ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പക്സ് സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ബോണസ് ഐആർസി യോഗം നിശ്ചയിക്കും. കശുവണ്ടി വികസന കോർപറേഷന്റെ മുപ്പതും കാപ്പക്സിന്റെ അഞ്ചും ഫാക്ടറികളാണ് തുറന്നുപ്രവർത്തിക്കുന്നത‌്. ജില്ലയിലെ അസംഘിടിത തൊഴിലാളികൾക്കുള്ള നാലുമാസത്തെ കുടിശ്ശിക പെൻഷൻ വിതരണത്തിനും സർക്കാർ ഫണ്ടനുവദിച്ചു. തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കുന്നതിനുള്ള നടപടി ജില്ലാ ലേബർ ഓഫീസിൽ പൂർത്തിയാകുന്നു. 1800 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരുമാസം 1100 രൂപ വീതം നാലുമാസത്തേക്ക് 4400 രൂപ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും. 
വിവിധ സാമൂഹ്യ പെൻഷൻ വിതരണത്തിനും നടപടിയായി. വാർധക്യകാല, വിധവ തുടങ്ങിയ സാമൂഹ്യ പെൻഷൻ നാലുമാസത്തെ കുടിശ്ശികക തുക വിതരണം സഹകരണ ബാങ്കുകൾ വഴിയാണ്. നിർമാണത്തൊഴിലാളി, കർഷകത്തൊഴിലാളി, മോട്ടോർ തൊഴിലാളി പെൻഷനുകൾ വിതരണം ചെയ്യുന്നതിനും ബന്ധപ്പെട്ട ബോർഡുകൾ നടപടിയെടുത്തിട്ടുണ്ട്.
പ്രധാന വാർത്തകൾ
Top