22 October Monday

പികെഎസ് ജില്ലാ സമ്മേളനത്തിന‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

പികെഎസ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

 കൊട്ടാരക്കര

പട്ടികജാതി ക്ഷേമസമിതി ജില്ലാ സമ്മേളനത്തിന് കൊട്ടാരക്കരയിൽ ആവേശകരമായ തുടക്കം. രോഹിണി നഗറിൽ (കോട്ടപ്പുറം നിസ ഓഡിറ്റോറിയം)  ചേർന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനകീയ ജനാധിപത്യവിപ്ലവം നടപ്പാക്കുന്നതിൽ പട്ടികജാതി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ‌്. 
പട്ടികജാതിക്കാരുടെ പ്രശ്നം പറയുമ്പോൾ മറ്റുള്ള ജാതി സംഘടനകൾ അസഹിഷ്ണുത കാണിക്കുന്നത‌് ജനാധിപത്യ രാജ്യത്തിനു ചേർന്നതല്ല. അടിമത്വത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പേരിൽ ബിജെപിക്കാർ കൊന്നൊടുക്കുന്നത് നിരപരാധികളെയാണ്. ചരിത്രകാരന്മാർ നടത്തിയിട്ടുള്ള സാമൂഹിക വിപ്ലവത്തെ അടിച്ചമർത്തി ഭരണം കൈക്കലാക്കുന്ന മൃഗീയ സമീപനമാണ് ബിജെപിക്ക‌് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡി ജയകുമാർ അധ്യക്ഷനായി. 
സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി അഡ്വ. രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. കെ സി നാരായണൻ അനുശോചന പ്രമേയവും  എ പുഷ്പരാജൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി സുന്ദരേശൻ പ്രവർത്തനറിപ്പോർട്ടും  സംസ്ഥാന ട്രഷറർ വണ്ടിത്തടം മധു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാനകമ്മിറ്റിയംഗം കെ രാജഗോപാൽ, പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എംപി, സംസ്ഥാന കമ്മിറ്റി അംഗം സി തങ്കപ്പൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എ എബ്രഹാം എന്നിവർ സംസാരിച്ചു. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള തിരുവിതാംകൂർ ദേവസ്വംബോർഡിലെ ആദ്യ പൂജാരി പി എസ് സുമേഷിനെ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ ബി രാഘവൻ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ ശ്രീധരൻ,  ഡി ജയകുമാർ, സി ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലിന്  മണികണ്ഠൻ ആൽത്തറയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം പുലമണിൽ സമാപിക്കും. വൈകിട്ട് അഞ്ചിന് ഇ കാസിം നഗറിൽ (പുലമൺ ജങ‌്ഷൻ) നടക്കുന്ന പൊതുസമ്മേളനം  സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
Top