16 October Tuesday

ലഹരിക്കെതിരെ ജനജാഗ്രതയുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
കരുനാഗപ്പള്ളി 
റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് വ്യാപകമാകുന്ന കഞ്ചാവ് ലഹരി മാഫിയാക്കെതിരെ ജനജാഗ്രതാ സദസ് നടന്നു. സിപിഐ എം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഇടക്കുളങ്ങര, മാമൂട് ജംഗ്ഷനിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. 
നർഷാദ് അധ്യക്ഷനായി. നിരവധി കേസുകളിൽ എക്സൈസും പൊലീസും നടപടി സ്വീകരിച്ചിട്ടും കഞ്ചാവ് വിൽപ്പന സംഘങ്ങൾ ഇവിടെ വ്യാപകമാണ്. തമിഴ്നാട്ടിലെ തേനി ചെങ്കോട്ട ഭാഗങ്ങളിൽ നിന്നും ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന കഞ്ചാവ് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് വിൽപ്പന നടക്കുന്നത്. സ്കൂൾ കോളേജ് വിദ്യാർഥികളെ കഞ്ചാവ് വിൽപ്പനക്കാരാക്കി മാറ്റി പ്രതിഫലമായി കഞ്ചാവ് പൊതികള്‍ നൽകുകയാണ് പതിവ്. 
സ്കൂൾ കുട്ടികളുടെ ബാഗുകളിൽ നിന്നുൾപ്പടെ കഞ്ചാവു പൊതികൾ കണ്ടെത്തിയ സംഭവങ്ങൾ ഈ മേഖലയിൽ നിരവധിയുണ്ടായി. 
പിടിക്കപ്പെടുന്ന പ്രതികളിൽ പലരും നിയമത്തിന്റെ പഴുതുകള്‍ മുതലെടുത്ത് രക്ഷപെടുകയാണ് പതിവ്. ഈ സാഹചര്യത്തിലാണ് സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരെ ജനജാഗ്രത സംഘടിപ്പി
ച്ചത്. സി പിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ശ്രീജിത്ത്, ഡിവൈഎഫ്ഐ വില്ലേജ് പ്രസിഡന്റ് കബീർ സെക്രട്ടറി ദത്ത്, വി രാജൻ പിള്ള, പി കെ ജയപ്രകാശ് എന്നിവർ സംസാരിച്ചു. പ്രമോദ് ശിവദാസ് സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top