20 April Friday

17ന്റെ സ്കീം വര്‍ക്കേഴ്സ് പണിമുടക്ക് വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018
കൊല്ലം >  കേന്ദ്ര സംയുക്ത ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സ്കീം  വര്‍ക്കേഴ്സ് വിഭാഗം തൊഴിലാളികള്‍  17ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാന്‍ ജില്ലാ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോ.  ജില്ലാ സെക്രട്ടറി ശോഭനാസത്യനും, ആശാ വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി ആര്‍ സുജാതയും  സ്കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എം കെ നിര്‍മലയും പ്രസ്താവനയില്‍  അഭ്യര്‍ഥിച്ചു.
ഐസിഡിഎസ്, എന്‍എച്ച്എം, എംഡിഎംഎസ്, എന്‍സിഎല്‍പി, ദേശീയ സമ്പാദ്യ പദ്ധതി എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികളിലായി രാജ്യത്ത് ഒരു കോടി തൊഴിലാളികള്‍ പണിയെടുക്കുന്നു. അങ്കണവാടി, ആശ, സ്കൂള്‍ പാചകം തുടങ്ങിയ ആരോഗ്യ-വിദ്യാഭ്യാസ പോഷണ രംഗത്ത് സുത്യര്‍ഹമായ സേവനം നടത്തിവരുന്ന ഈ വിഭാഗം തൊഴിലാളികള്‍ക്ക് മാന്യമായ കൂലിയോ, സാമൂഹ്യ സുരക്ഷാ പദ്ധതികളോ ലഭിക്കുന്നില്ല. ഇപ്രകാരമുള്ള സ്കീം വര്‍ക്കേഴ്സിനെ തൊഴിലാളികളായി അംഗീകരിച്ചുകൊണ്ട് മിനിമം വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കണെന്ന് 45-ാം ഇന്‍ഡ്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ ശുപാര്‍ശ ഇതുവരെ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര ട്രേഡ്് യൂണിയന്‍ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ 17 ന് സ്കീം വര്‍ക്കേഴ്സ് വിഭാഗം തൊഴിലാളികള്‍ പണിമുടക്കി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേക്ക് മാര്‍ച്ച് നടത്തും.
മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കാന്‍ ജില്ലയിലെ എല്ലാ സ്കീം വര്‍ക്കേഴ്സ് വിഭാഗം തൊഴിലാളികളും 17 ന് രാവിലെ 9.30 മണിക്ക് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ലിങ്ക് റോഡില്‍ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 
പ്രധാന വാർത്തകൾ
Top