21 April Saturday

പ്രതീക്ഷയുടെചൂളംവിളി ഇന്ന്

* അരുണ്‍ മണിയാര്‍Updated: Saturday Jan 13, 2018
തെന്മല > ഇടമണ്‍ന്യൂ- ആര്യങ്കാവ് റയില്‍പ്പാതയിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ചീഫ് സേഫ്റ്റി കമീഷണര്‍ കെ എ മനോഹരന്‍ നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥ സംഘം ട്രയിന്‍ മാര്‍ഗമുള്ള രണ്ടാംഘട്ട പരിശോധന ശനിയാഴ്ച നടത്തും.  ന്യൂ ആര്യങ്കാവ് സ്റ്റേഷനിലേയ്ക്കാണ് ട്രയിന്‍ ഓടുന്നത്. 30-35 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണ ഓട്ടം. പരമാവധി വേഗത്തിലും ട്രയിന്‍ ഓടിച്ചു നോക്കും. രാവിലെ ഇടമണില്‍ ഷണ്ടിംഗ് ട്രാക്കും അലൈന്‍മെന്റ് മാറ്റിയ ഭാഗവും വിശദമായി പരിശോധിക്കും. വെള്ളിയാഴ്ച സന്ധ്യയോടെയാണ് ഇടമണ്‍ സ്റ്റേഷന് ഒരു കിലോമീറ്റര്‍ അകലെ സുരക്ഷാ പരിശോധന നിര്‍ത്തിയത്.
പാതയില്‍ ഇരുട്ട് ആയതിനാലാണ്  യാര്‍ഡിന്റെ പരിശോധന ശനിയാഴ്ചയിലേക്ക് മാറ്റിയത്. നേരത്തെ രണ്ടുതവണ തീവണ്ടി എഞ്ചിന്‍ പാളം തെറ്റിയ സ്ഥലമാണിത്. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷം റയില്‍വേ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരും. തുടര്‍ന്നാണ് ട്രയിന്റെ പരീക്ഷണ ഓട്ടം. ഇതിനായി സ്പെഷ്യല്‍ ബോഗി ഘടിപ്പിച്ച എഞ്ചിന്‍ ചെന്നെയില്‍ നിന്ന് രാവിലെ ഇടമണിലെത്തിക്കും. ചീഫ് സേഫ്റ്റി കമീഷണര്‍ക്കൊപ്പം ചെന്നെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി കാളി മുത്തു, മധുര ഡിആര്‍ എം നീനു ഇട്ടിയേറ, എഡിആര്‍ എംപി വി മുരളീകൃഷ്ണ, കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ സുമിത്ത് സിംഗാള്‍, ചീഫ് എഞ്ചിനീയര്‍ രബീന്ദ്രബാബു എന്നിവരാണ്  പരിശോധക സംഘത്തിലുള്ളത്. സേഫ്റ്റി പരിശോധനയ്ക്ക് ശേഷമെ എന്നുമുതല്‍ പുനലൂര്‍-ചെങ്കോട്ട പാതയില്‍ പൂര്‍ണതോതില്‍ ട്രെയില്‍ ഓട്ടം തുടങ്ങുന്നതെന്ന് തീരുമാനിക്കൂ. പാതയിലെ അപാകതകള്‍ എല്ലാം പരിഹരിച്ചേ ട്രെയിനോട്ടം തുടങ്ങൂ.മാര്‍ച്ചിനകം പാത കമീഷന്‍ ചെയ്യാനാകുമെന്നാണ് വിലയിരുത്തല്‍.
  സര്‍വീസ് ആരംഭിച്ചു കഴിഞ്ഞാല്‍ ട്രയിനുകളുടെ വേഗം മണിക്കൂറില്‍ 30 കിലോ മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. മലകളും തുരങ്കങ്ങളും വളവുകളും പാലങ്ങളും നിറഞ്ഞ പശ്ചിമഘട്ട മേഖലയായതിനാലാണ് വേഗതയില്‍ ഈ നിയന്ത്രണം. പുനലൂരില്‍ നിന്നും ആര്യങ്കാവുവരെ മൊത്തം 43 കിലോ മീറ്ററാണ്  ഉള്‍പ്പെടുന്ന ദൂരം. പാതയില്‍ യാത്ര സുഗമമാക്കുന്നതിനായി പാളത്തില്‍ 12.5 ഡിഗ്രിയിലുണ്ടായിരുന്ന വളവുകള്‍ 10 ഡിഗ്രിയാക്കി കുറച്ചിരുന്നു. പരമാവധി വേഗത്തിലോടുമ്പോഴും യാത്ര സുരക്ഷിതമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പാതയില്‍ ട്രയിന്‍ സര്‍വീസിന് കമീഷണര്‍ അനുമതി നല്‍കൂ.
 
പ്രധാന വാർത്തകൾ
Top