Top
23
Tuesday, January 2018
About UsE-Paper

ഡിവൈഎഫ്ഐ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ഇന്ന്

Tuesday Dec 12, 2017
വെബ് ഡെസ്‌ക്‌

 

കൊല്ലം > കൊല്ലത്ത് നിന്നുള്ള മെമു പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വേ നടപടിക്കെതിരെ ഡിവൈവഎഫ്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ റെയില്‍വേ  സ്റ്റേഷന്‍ മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച രാവിലെ 10ന് ചിന്നക്കട റസ്റ്റ്്ഹൌസിന് മുന്നില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. റെയില്‍വേയുടെ ജനവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.
കൊല്ലത്തെ യാത്രക്കാരുടെ ആശ്രയമായിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ ട്രാക്ക് റിന്യുവല്‍ മെഷീന്‍ ഉപയോഗിച്ചുള്ള അറ്റകുറ്റപ്പണിയുടെ പേരിലാണ് രണ്ടു മാസത്തേക്ക് നിര്‍ത്തിവച്ചിരുന്നത്. ട്രെയിനുകള്‍ നിര്‍ത്തിയതോടെ സാധാരണക്കാരും വിദ്യാര്‍ഥികളും യാത്രാദുരിതത്തിലാണ്്. വേണ്ടത്ര ട്രെയിനുകളില്ലെന്ന  പരാതി നിലനില്‍ക്കെയാണ് റെയില്‍വേയുടെ നടപടി. കൊല്ലത്തുനിന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്ക് മിതമായ നിരക്കിലുള്ള യാത്രാസൌകര്യമാണ് നിലച്ചത്. 
സ്ഥിരമായി യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റ് ഉടമകള്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയതോടെ ത്രിശങ്കുവിലാണ്. ഗ്രാമീണ മേഖലയിലെ സ്റ്റേഷനുകളുടെ പ്രസക്തിയെതന്നെ റെയില്‍വേയുടെ നടപടിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ക്ക് ഗ്രാമീണ മേഖലയില്‍ സ്റ്റോപ്പില്ലാത്ത സാഹചര്യം ദുഷ്കരമാണ്. സാധാരണ ഗതാഗതനിയന്ത്രണം നടത്തിയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നത്. എന്നാല്‍, കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍വീസ് പൂര്‍ണമായി നിര്‍ത്തിയിരിക്കുന്നത്. 
റെയില്‍വേയുടെ നടപടിക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേ ഈ നീക്കത്തില്‍നിന്ന് അടിയന്തരമായി പിന്‍വാങ്ങിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു. റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുന്ന പ്രതിഷേധമാര്‍ച്ചില്‍ വിജയിപ്പിക്കാന്‍ എല്ലാ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ബാബുവും സെക്രട്ടറി ആര്‍ ബിജുവും ആവശ്യപ്പെട്ടു. 
 

Related News

കൂടുതൽ വാർത്തകൾ »