20 July Friday
2000 മുതലുള്ള ഇടപാടുകൾ ഉൾപ്പെടുത്തും

കുടുംബശ്രീ: അന്വേഷണം വിജിലൻസിന് ‐ മേയർ

●സ്വന്തം ലേഖകൻUpdated: Thursday Jul 12, 2018
 
കൊല്ലം
നഗരസഭാ പരിധിയിലെ ചില കുടുംബശ്രീകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭ രൂപീകരിച്ച വർഷമായ 2000 മുതലുള്ള കുടുംബശ്രീ ഇടപാടുകൾ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും. കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ ചർച്ചയ‌്ക്ക് മറുപടി പറയവെ മേയർ വി രാജേന്ദ്രബാബുവാണ് തീരുമാനം അറിയിച്ചത്. കുടുംബശ്രീ പ്രവർത്തനങ്ങളിൽ രക്ഷാധികാരി എന്ന നിലയിൽ കൗൺസിലർമാർ ഇടപെടണം. 
പൊട്ടിപൊളിഞ്ഞു കിടക്കുന്ന കോർപറേഷൻ റോഡുകൾ ടാർ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യത്തിന് മെറ്റീരിയൽസ് ലഭ്യമല്ലാത്തതിനാൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ വിമുഖത കാണിക്കുന്നു. അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിന് ടൗൺ പ്ലാനിങ‌് കമ്മിറ്റി കൂടി തീരുമാനം എടുക്കും. എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ തെരുവുവിളക്ക് പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ. എനർജി മാനേജ്മെന്റിൽനിന്ന് പ്രോജക്ടിന് അനുകൂല തീരുമാനം ഉണ്ടായാൽ ഉടൻ സർക്കാർ ഉത്തരവ് ഇറങ്ങുമെന്നും മേയർ പറഞ്ഞു.
മാർക്കറ്റുകൾ ലേലം പിടിക്കുന്ന കരാറുകാർക്ക് മാർക്കറ്റ് ശുചീകരിക്കുന്നതിന്റെ ചുമതലയും കൂടി ഉണ്ടെന്ന് ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അവലോകന യോഗങ്ങളിൽ കൗൺസിൽ അംഗങ്ങൾ കൃത്യമായി പങ്കെടുക്കണമെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷൻ എം എ സത്താർ പറഞ്ഞു.പോളയത്തോട്ടിൽ ഗ്യാസ് ക്രിമിറ്റോ റിയം രണ്ടു മാസത്തിനകം പ്രവർത്തനക്ഷമമാകുമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ ഡോ. സുജിത് പറഞ്ഞു. പിഎംഎവൈ പദ്ധതിയിൽ വീടു വയ‌്ക്കുന്ന തൊഴിലുറപ്പ് കാർഡുള്ളവർക്ക് 90 ദിവസത്തെ വേതനം കണക്കാക്കി 29,000 രൂപ അധികം ലഭിക്കുമെന്ന് ക്ഷേമ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി പറഞ്ഞു. ഗവ. സ്കൂളുകളിലെ 3150 കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായതായി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ സന്തോഷ്‌കുമാർ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ചിന്ത എൽ സജിത്, യുഡിഎഫ് ലീഡർ എ കെ ഹഫീസ്, കൗൺസിലർമാരായ മോഹനൻ, പ്രസന്നൻ, സഹൃദയൻ, എസ് രാജ്മോഹൻ, മീനാകുമാരി, അഡ്വ. സൈജു, ഷൈലജ, ഉദയാ സുകുമാരൻ, അജിത്കുമാർ, ഹണി ബഞ്ചമിൻ, മീനു ലാൽ, അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top