Top
24
Friday, November 2017
About UsE-Paper
ജയിലിലായ പഞ്ചായത്തംഗം യോഗത്തില്‍

ഇടമുളയ്ക്കല്‍ പഞ്ചായത്ത് സമിതി യോഗം എല്‍ഡിഎഫ് ബഹിഷ്കരിച്ചു

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌
എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇടമുളയ്ക്കല്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധം

 അഞ്ചല്‍ > പണാപഹരണ കേസില്‍ ജയിലിലായിരുന്ന കോണ്‍ഗ്രസ് നേതാവായ  പഞ്ചായത്തംഗം  കോടതി ഉത്തരവുമായി പൊലീസ് സംരക്ഷണത്തോടെ ഭരണസമിതിയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ്  അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു. ക്വാറം തികയാഞ്ഞതിനാല്‍ പഞ്ചായത്ത് കമ്മറ്റികൂടാനായില്ല. ഇടമുളയ്ക്കല്‍ സര്‍വീസ് സഹ ബാങ്ക് സെക്രട്ടറിയായിരുന്ന ഡിസിസി സെക്രട്ടറി കൈപ്പള്ളി മാധവന്‍കുട്ടി ബാങ്കില്‍ കോടികളുടെ പണാപഹരണം നടത്തിയതിനെത്തുടര്‍ന്നാണ്   റിമാന്റിലായത്.

ബാങ്കിലെ സഹകാരികളെ കബളിപ്പിച്ച്  പണാപഹരണംനടത്തിയ പഞ്ചായത്തംഗം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നേതൃത്വത്തില്‍ സമരം നടത്തി വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്ത് സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ ഹൈക്കോടതിയില്‍ നിന്നും പൊലീസ്  സംരക്ഷണംവാങ്ങിയാണ് മാധവന്‍കുട്ടി എത്തിയത്. എന്നാല്‍ എല്‍ ഡി എഫ് അംഗങ്ങള്‍ കൈപ്പള്ളി മാധവന്‍ കുട്ടിക്കൊപ്പം പഞ്ചായത്ത്  സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നു പറഞ്ഞു യോഗം ബഹിഷ്ക്കരിച്ചു . ക്വാറം തികയാത്തതിനാല്‍ കമ്മറ്റി കൂടാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് ഭരിക്കുന്ന ഇവിടെ എല്‍ഡിഎഫ് 14, യുഡിഎഫ്, 5 ബി ജെ പി യിലെ ഒരംഗം എന്നിങ്ങനെ  ഭരണസമിതികൂടാനെത്തിയിരുന്നു. എല്‍ ഡി എഫ് പ്രതിഷേധം അറിഞ്ഞ് കമ്മറ്റി കൂടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പു തന്നെ പൊലീസ് സംരക്ഷണത്തോടെ പഞ്ചായത്ത് ഓഫീസില്‍  മാധവന്‍കുട്ടി എത്തി. കമ്മറ്റി ആരംഭിച്ചതോടെ സിപിഐ എം അംഗം അഡ്വ വി രവീന്ദ്രനാഥ്  മാധവന്‍കുട്ടിയെ ഇരുത്തി പഞ്ചായത്ത് സമിതികൂടാന്‍ പറ്റില്ലെന്നു പറഞ്ഞു കമ്മറ്റി ബഹിഷ്ക്കരിക്കുകയായിരുന്നു.
ഭരണസമിതിയംഗങ്ങളുടെ ബഹിഷ്കരണം മൂലം ഭൂരിപക്ഷമില്ലാത്തതിനാല്‍ പഞ്ചായത്ത് യോഗം അലങ്കോലപ്പെട്ടു. ഭരണ സമിതിയിലെ സിപിഐ , സിപിഐ എം അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചു.വിവരമറിഞ്ഞ്  തടിച്ചുകൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാധവന്‍കുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തി.