20 October Saturday
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്

എസ്എഫ്ഐയുടെ ഉജ്വലവിജയം വരച്ചിട്ടത് പുതുതലമുറയുടെ രാഷ്ട്രീയ മനസ്സ‌്

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018
കൊല്ലം
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനം നേടിയ ചരിത്രവിജയം പുതുതലമുറയുടെ രാഷ്ട്രീയ മനസ്സ‌് വ്യക്തമാക്കുന്നു. ശബരിമല വിഷയം കത്തിക്കാളിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള കോൺഗ്രസ്, ആർഎസ്എസ് കുടിലതന്ത്രങ്ങൾ പുറത്തുവരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നതും ശ്രദ്ധേയമാണ്. സാമൂഹ്യവിഷയങ്ങളെ യുവത എങ്ങനെ വിലയിരുത്തുവെന്നതിന്റെ സന്ദേശംകൂടിയാണ് എസ്എഫ്ഐക്കു ലഭിച്ച ഉജ്വല വിജയം. ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 18ൽ 17 കോളേജിലും എസ്എഫ്ഐക്കാണ് വിജയം. രണ്ട് കോളേജ് ഒഴികെ മറ്റെല്ലായിടത്തും സമ്പൂർണ വിജയമാണ് നേടിയത്.
സ്വാശ്രയ മാനേജുമെന്റുകളുടെ വിദ്യാഭ്യാസക്കച്ചവടത്തിനും വിദ്യാർഥികളുടെ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചും എസ്എഫ്ഐ നടത്തിയ പോരാട്ടത്തിനു ലഭിച്ച അംഗീകാരമാണ് ഗംഭീര വിജയം. ക്യാമ്പസുകളെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന എബിവിപിക്ക് കനത്ത പ്രഹരമേറ്റു. ന്യൂനപക്ഷ വർഗീയത ജീവനെടുത്ത അഭിമന്യുവിന്റെ വീറുറ്റ രക്തസാക്ഷിത്വം വിദ്യാർഥി സമൂഹം നെഞ്ചേറ്റിയതിന്റെ വിളംബരമായി എസ്എഫ‌്ഐയുടെ വിജയം. പ്രളയക്കെടുതിയിൽ നാടിനെ രക്ഷിക്കുകയും നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുകയും ചെയ്യുന്ന എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അപവാദപ്രചാരണങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങളും ഇന്ധനവില വർധനയും വിദ്യാർഥി സമൂഹം ചർച്ചയാക്കി. 
മിക്ക കോളേജുകളിലും മുൻ വർഷത്തേക്കാൾ വലിയ വിജയമാണ് എസ്എഫ്ഐക്കുണ്ടായത്. കെഎസ്യുവിന്റെ അവസ്ഥ  ദയനീയമായി. അവർക്ക് യൂണിയൻ ഭൂരിപക്ഷം ലഭിച്ച അഞ്ചൽ സെന്റ്ജോൺസ് കോളേജിൽ മൂന്ന് പ്രധാനപ്പെട്ട സ്ഥാനങ്ങളും  എസ്എഫ്ഐ നേടി. ഇവിടെ കെഎസ്യുവിന് ലഭിച്ചത് നാല് സ്ഥാനം മാത്രം. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് യൂണിയൻ കെഎസ്യുവിൽനിന്ന‌് എസ്എഫ്ഐ പിടിച്ചെടുത്തു. 
നാലു വർഷത്തിനുശേഷം ക്ലാസ് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 
ശാസ്താംകോട്ട ഡിബി കോളേജിലെ എസ്എഫ്ഐ വിജയത്തിന് പത്തരമാറ്റാണുള്ളത്. ഒരു വിഭാഗം എബിവിപിക്കാർ ഇവിടെ കെഎസ്യുമായി കൈകോർത്തിരുന്നു. 
പാർലമെന്ററി അടിസ്ഥാനത്തിൽ ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്നത് 12 കോളേജിലാണ്. പത്തനാപുരം സെന്റ് സ്റ്റീഫൻ കോളേജിൽ 51ൽ 44, കൊല്ലം എസ്എൻ കോളേജിൽ 115ൽ 114,  ചാത്തന്നൂർ എസ്എൻ കോളേജിൽ 26ൽ 19, നിലമേൽ എൻഎസ്എസ് കോളേജിൽ 76ൽ 50, കരുനാഗപ്പള്ളി വിദ്യാധിരാജ കോളേജിൽ 63ൽ 52, കൊട്ടിയം എൻഎസ്എസ് ആർട്സ് കോളേജിൽ 38ൽ 22, ശാസ്താംകോട്ട ഡിബി കോളേജിൽ 102ൽ 75, കൊല്ലം ഫാത്തിമ മാതാ കോളേജിൽ 120ൽ 117, കൊട്ടിയം എൻഎസ്എസ് ലോ കോളേജിൽ എട്ടിൽ ഏഴ്, കൊല്ലം എസ്എൻ ലോ കോളേജിൽ 12ൽ 
11, പുനലൂർ എസ്എൻ കോളേജിൽ 54ൽ 41 എന്നി
ങ്ങനെയാണ് ക്ലാസ് അടിസ്ഥാനത്തിൽ എസ്എഫ്ഐക്കു ലഭിച്ച സീറ്റ്. കൊല്ലം എസ്എൻ വിമൺസ് കോളേജിലും എസ്എഫ്ഐ സമ്പൂർണ വിജയം ആവർത്തിച്ചു. ജില്ലയിലെ മറ്റ് കോളേജുകളിൽ പ്രസിഡൻഷ്യൽ രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.  യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനങ്ങൾ മഹാഭൂരിപക്ഷവും നേടിയത് എസ്എഫ്ഐയാണ്.
പ്രധാന വാർത്തകൾ
Top