15 October Monday
ജില്ലാ ജയിൽ

75 ലക്ഷത്തിന്റെ കെട്ടിടം ഉടൻ; കുഴൽക്കിണറും നിർമിക്കും

സ്വന്തം ലേഖകൻUpdated: Thursday Oct 11, 2018
കൊല്ലം 
അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ സ്ഥലമില്ലാതെ വീർപ്പുമുട്ടുന്ന ജില്ലാ ജയിലിൽ നിലവിലെ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് നടപടി തുടങ്ങി. 75 ലക്ഷത്തിന്റെ പുതിയ അടുക്കള നിർമാണം ഉടൻ ആരംഭിക്കും. എം മുകേഷ് എംഎൽഎ അനുവദിച്ച ഏഴു ലക്ഷത്തിന്റെ കുഴൽക്കിണർ നിർമാണവും വേഗത്തിൽ നടപ്പാക്കാനാണ് തീരുമാനം. നിലവിലെ കെട്ടിടങ്ങളുടെ ക്രമീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജയിൽ അധികൃതർ പിഡബ്ലൂഡി ബിൽഡിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനിടെ വാർഷിക അറ്റകുറ്റപ്പണിക്കായുള്ള 13 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ജയിൽ ഐജിയുടെ പരിഗണനയിലുണ്ട്. 
സുരക്ഷ കൂടുതൽ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനും കൊല്ലത്തെ ജയിലിൽ സ്ഥലമില്ലാത്തതിനാൽ  കരുനാഗപ്പള്ളിയിലോ കുണ്ടറയിലോ പുതിയ ജയിൽ സ്ഥാപിക്കണമെന്ന നിർദേശവും ജയിൽ ഡിഐജിയുടെ മുമ്പാകെയുണ്ട്. കുണ്ടറയിൽ അലിൻഡ് വക സ്ഥലവും കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനു സമീപം ഇറിഗേഷൻ വക സ്ഥലവുമാണുള്ളത്. എന്നാൽ, തുടർനടപടി ഒന്നുമായില്ല. അതിനാൽ നിലവിലെ ജയിലിൽതന്നെ സൗകര്യങ്ങൾ ക്രമപ്പെടുത്താനാണ് തീരുമാനം. സർക്കാർ അനുവദിച്ച 75 ലക്ഷം രൂപയിൽ നിർമിക്കുന്ന രണ്ടുനില കെട്ടിടത്തിൽ താഴെ അടുക്കളയും മുകളിൽ ചപ്പാത്തി യൂണിറ്റും മറ്റു സംവിധാനങ്ങളും ഒരുക്കും. രണ്ടുനിലയ്ക്കു മുകളിൽ താൽക്കാലിക ഷെഡ് നിർമിച്ചാൽ പഴയ സാധനങ്ങൾ സൂക്ഷിക്കാവുന്ന ഇടമായും ഉപയോഗിക്കാം. പഴയ അടുക്കളയും മറ്റു കെട്ടിടങ്ങളും പൊളിച്ചുമാറ്റി പ്രായോഗികമായി പുതിയ കെട്ടിടങ്ങൾ സ്ഥാപിച്ചാൽ ഇവിടെ മുന്നൂറോളം റിമാൻഡ് പ്രതികളെ താമസിപ്പിക്കാൻ പറ്റുമെന്ന‌് ജില്ലാ ജയിൽ സൂപ്രണ്ട് ജി ചന്ദ്രബാബു പറഞ്ഞു. നിലവിൽ 240 പേരെയാണ് ഇവിടെ പാർപ്പിച്ചിട്ടുള്ളത്.  ജയിലിനുള്ളിൽ തോന്നിയതുപോലെയാണ് കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്. മൂന്ന് പഴയ കെട്ടിടങ്ങളാണ‌് ഇവിടെയുള്ളത്. ഇവിടെ കൂടുതൽ ശുചീകരണം ആവശ്യമാണ്. അതുപോലെ പ്രതികൾക്കും അവരുടെ ബന്ധുക്കൾക്കും കൂടിക്കാഴ്ചയ‌്ക്കുള്ള സംവിധാനവും ഇവിടെയില്ല. 
പുതിയ ജയിൽ നിർമാണത്തിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നോഡൽ ഓഫീസർ ജയിൽ അസിസ്റ്റന്റ് പ്രിസണർ ഓഫീസർ രതീഷാണ്. ഡിഐജി ബി പ്രദീപും ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന കെ വിശ്വനാഥക്കുറുപ്പും നോഡൽ ഓഫീസറും ചേർന്ന് കുണ്ടറ, കരുനാഗപ്പള്ളി, ചവറ, പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ എന്നിവിടങ്ങളിൽ സ്ഥല പരിശോധന നടത്തിയിരുന്നു.  15 വർഷമായി സ്ഥല പരിശോധന നടക്കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top