11 December Tuesday

ഫിഷറീസ്, കശുവണ്ടി മേഖലകളിലെ സഹകരണം; സാധ്യതാ പഠനത്തിന് യുഎന്‍ സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലകളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളിലെ പങ്കാളിത്ത സാദ്യതകൽ സംബന്ധിച്ച ചർച്ചകൾക്ക് ശേഷം മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ യൂണിഡോ ഇന്ത്യ മേധാവി റെനെ വാൻ ബെർക്കലിന് ഉപഹാരം നൽകുന്നു

 കൊല്ലം

സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലകളിലെ സുസ്ഥിര വികസനപദ്ധതികളിലെ പങ്കാളിത്ത സാധ്യതകൾ പരിശോധിക്കുന്നതിന് യുഎൻ ഏജൻസി പ്രതിനിധികൾ കേരളത്തിലെത്തി. യുണിഡോ ഇന്ത്യ മേധാവി റെനെവാൻ ബെർക്കൽ, യുഎൻ വിമെൻ പ്രോഗ്രാം കോ ഓർഡിനേറ്റർ സുഹേലഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ ക്ഷണപ്രകാരം വിവിധ കേന്ദ്രങ്ങള്‍ സന്ദർശിച്ചത്.
യുഎൻ സഹകരണത്തിന് സമർപ്പിച്ച വികസന പദ്ധതി രൂപരേഖയെ അടിസ്ഥാനത്തില്‍ ആശ്രാമം ഗസ്റ്റ് ഹൗസിൽ പ്രതിനിധി സംഘം മന്ത്രിയുമായി ചർച്ച നടത്തി. തോട്ടണ്ടി ഇറക്കുമതി, കശുമാവ് കൃഷി സാങ്കേതികവിദ്യാ കൈമാറ്റം, കശുവണ്ടി പരിപ്പിന് രാജ്യാന്തര വിപണി ലഭ്യത ഉറപ്പുവരുത്തൽ, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം, മത്സ്യ മാർക്കറ്റുകളുടെ ആധുനീകരണം, മൂല്യ വർധിത ഉല്‍പ്പന്നങ്ങളുടെ വിപണനം, മത്സ്യ മേഖലയിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം, ഇരുമേഖലകളിലെയും സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി. 
ഫിഷറീസ്, കശുവണ്ടി മേഖലകളിൽ തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന വിധത്തില്‍ സമഗ്ര പദ്ധതി നിർദേശം ഉടൻ യുഎന്നിന് സമർപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. എം നൗഷാദ് എംഎൽഎ, ആസൂത്രണബോർഡ് അംഗം ഡോ. മൃദുൽ ഈപ്പൻ, ജില്ലാ കലക്ടർ  എസ് കാർത്തികേയൻ, ഫിഷറീസ് ഡയറക്ടർ എസ് വെങ്കിടേസപതി,  മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ശ്രീധരൻ നമ്പൂതിരി, സ്‌പെഷ്യൽ സെക്രട്ടറി കെ അനിൽകുമാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി റോയ് ടോംലാൽ,  മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ലോറൻസ് ഹരോൾഡ്, കശുമാവ് വികസന ഏജൻസി സ്‌പെഷ്യൽ ഓഫീസർ കെ ശിരീഷ്, കാഷ്യു ബോർഡ് കൺസൾട്ടന്റ് ഗിരീഷ്, അഡാക് എക്‌സിക്യുട്ടീവ് ഡയറക്ടർ ബേബി ഷീജ, ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top