Top
19
Sunday, November 2017
About UsE-Paper
അക്ഷരമുറ്റം ക്വിസ് ജില്ലാ മത്സരം നാളെ

വിളംബര നാട്ടില്‍ വിജ്ഞാനത്തിന്റെ പുതുചരിത്രമാകും

Friday Nov 10, 2017
സ്വന്തം ലേഖകന്‍

 കുണ്ടറ > വിളംബര നാട്ടില്‍ വിജ്ഞാനത്തിന്റെ പുതുചരിത്രമെഴുതി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരത്തിന് ശനിയാഴ്ച്ച രാവിലെ അരങ്ങുണരും. വിജ്ഞാനോത്സവത്തില്‍ അറിവിന്റെ മധുരം നുണയാന്‍ പൂമ്പാറ്റകളെപ്പോലെ പറന്നെത്തുന്ന പ്രതിഭകളെ ആതിഥേയരായ വിദ്യാര്‍ഥികള്‍ സ്നേഹപുഷ്പങ്ങള്‍ നല്‍കി ഇളംപള്ളൂര്‍ എസ്എന്‍ എസ് എം എച്ച് എസ് എസിന്റെ അക്ഷരമുറ്റത്തേക്ക് വരവേല്‍ക്കും.

പഠനത്തിലും കലാരംഗത്തും മികവുകള്‍ സൃഷ്ടിച്ച വിദ്യാലയ മുറ്റത്ത് രാവിലെ 9.30ന് ചലച്ചിത്ര രംഗത്തെ അതുല്യപ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍ അറിവുത്സവം ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12.30ന് ചേരുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിക്കും.കലാ രംഗത്തെ മഹാപ്രതിഭകളും പുത്തന്‍ അറിവുകള്‍ തേടിയെത്തുന്ന കൊച്ചു കൂട്ടുകാരും ഒത്തുചേരുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തെ കുണ്ടറയുടെ ഓര്‍മ്മകളില്‍ എന്നും വര്‍ണ കാഴ്ചയായി സൂക്ഷിക്കാന്‍ കഴിയുന്ന വിപുലമായ പ്രവര്‍ത്തനങ്ങളാണ് എസ് എല്‍ സജികുമാര്‍, ബി സതീശ്ചന്ദ്രന്‍, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബാനറുകളും ബോര്‍ഡുകളും സ്ഥാപിച്ച് മത്സരത്തിന്റെ പ്രചാരണം ജനഹൃദയങ്ങളിലെത്തിക്കുന്നതില്‍ സംഘാടകസമിതി പ്രത്യേക ശ്രദ്ധ നല്‍കുന്നു.
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കെല്ലാം ലഘുഭക്ഷണവും കാപ്പിയും നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ സിപിഐ എം കുണ്ടറ , ഇളംമ്പള്ളൂര്‍ ഈസ്റ്റ്- വെസ്റ്റ്, പേരയം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. മത്സരം നടത്തിപ്പിന് പുറമേ അക്ഷരമുറ്റമൊരുക്കുന്ന ചുമതല കെഎസ്ടിഎ, എസ്എഫ്ഐ, ബാലസംഘം നേതൃത്വത്തില്‍ നടക്കുന്നു. മത്സരത്തിന് ആതിഥ്യമരുളുന്ന എസ്എന്‍ എസ്എംഎച്ച്എസ്എസില്‍ വിശിഷ്ടാതിഥികളേയും മത്സരാര്‍ഥികളേയും സ്വീകരിക്കാനും സൌകര്യങ്ങള്‍ ഒരുക്കുന്നതിന്റേയും ഉത്സാഹത്തിലാണ് പ്രിന്‍സിപ്പാള്‍ അനിലിന്റേയും ഹെഡ്മാസ്റ്റര്‍ രാജേഷ് കുമാറിന്റേയും നേതൃത്വത്തില്‍ അധ്യാപകരെല്ലാവരും.
 12 സബ്ജില്ലകളില്‍നിന്ന് വിജയികളായ 192 വിദ്യാര്‍ഥികളാണ് ജില്ലയില്‍ മത്സരിക്കുന്നത്.സബ്ജില്ലാ മത്സരത്തില്‍ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടിയ നാല് കുട്ടികള്‍ വീതമാണ് ജില്ലാ മത്സരത്തിന് എത്തുക.സബ്ജില്ലയില്‍ ഓരോ വിഭാഗത്തിലും ഒന്നും മൂന്നും സ്ഥാനം നേടിയ കുട്ടികള്‍ ഒരു ടീമായും രണ്ടും നാലും സ്ഥാനം നേടിയ കുട്ടികള്‍ മറ്റൊരു ടീമായും ജില്ലയില്‍  മത്സരിക്കും.
ജില്ലയില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ബാഗ് , ഒന്നാംസ്ഥാനത്തെത്തുന്ന ടീമിന് 10,000 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 7500 രൂപയും സര്‍ട്ടിഫിക്കറ്റും മൊമെന്റോയും നല്‍കും.ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകളെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുപ്പിക്കും. സംസ്ഥാനതലമല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന 5 ടീമുകളെ പങ്കെടുപ്പിച്ച് മെഗാഫൈനലായി ചാനല്‍ക്വിസ് നടത്തും.
മെഗാഫൈനലില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഒരുലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും രണ്ടാംസ്ഥാനക്കാര്‍ക്ക് അരലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും ഒന്നാം സ്ഥാനക്കാര്‍ക്ക് ഉത്തരേന്ത്യന്‍ പഠനയാത്രയും ഉണ്ടാകും.