Top
27
Saturday, May 2017
About UsE-Paper

കൊല്ലത്തിന്റെ മനസ്സ് പറഞ്ഞു"ഞങ്ങള്‍ എംടിയ്ക്കൊപ്പം''

Tuesday Jan 10, 2017
സ്വന്തം ലേഖകന്‍
കൊല്ലം മാസിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'കൊല്ലം എം ടിയ്ക്ക് ഒപ്പം' കൂട്ടായ്മ എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം > എം ടിയ്ക്ക് എതിരെയുള്ള ഫാസിസ്റ്റ് ശക്തികളുടെ  നീക്കത്തിനെതിരെ കൊല്ലത്തിന്റെ സാംസ്കാരിക മനസ്സ് ഒറ്റക്കെട്ടായി അണിനിരന്നു. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ച എംടി യ്ക്കെതിരെയുള്ള ഫാസിസ്റ്റ് ആക്രമണത്തെ ചെറുക്കാന്‍ തങ്ങള്‍ ഒപ്പമുണ്ടെന്ന് ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കുന്ന കൂട്ടായ്മയ്ക്കാണ് കൊല്ലത്തിന്റെ മണ്ണ് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. കൊല്ലം മാസിന്റെ ആഭിമുഖ്യത്തില്‍ നടന്ന  'കൊല്ലം എം ടിയ്ക്ക് ഒപ്പം' കൂട്ടായ്മയില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് അണിചേര്‍ന്നത്.

സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന കൂട്ടായ്മ എം മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലാകാരന്‍മാര്‍ക്ക് സ്വാതന്ത്യ്രമില്ലാതെ വരുമ്പോഴാണ് നാടിന്റെ നാശം തുടങ്ങുന്നതെന്ന് എം മുകേഷ് പറഞ്ഞു. സമൂഹ നന്‍മയ്ക്കായി തൂലിക ചലിപ്പിക്കാനുള്ള എംടിയുടെ കഴിവിനു മുന്നിലാണ് നാം അടിയറവ് പറയേണ്ടത്.

സിനിമയില്‍ ഒരു സീനെഴുതുമ്പോള്‍ പോലും ആരുടെയെങ്കിലും വികാരം വ്രണപ്പെടുമോ എന്ന് നോക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കേരളത്തിന്റെ അഭിമാനമായ മതേതര സംസ്ക്കാരം വിട്ടു കൊടുക്കാന്‍ ആരുടെ മുന്നിലും നാം തയ്യാറാവരുതെന്നും എം മുകേഷ് പറഞ്ഞു.

ഭ്രാന്തന്‍ തീരുമാനമാണ് നോട്ടു നിരോധനം എന്നു മനസ്സിലാക്കാന്‍ ധനതത്വശാസ്ത്രം പഠിക്കണമെന്നില്ലെന്ന് കവി കുരീപ്പുഴ  ശ്രീകുമാര്‍ പറഞ്ഞു. ഓരോ ഇന്ത്യക്കാരനും അനുഭവിച്ച വിഷമമാണ് എം ടി പറഞ്ഞത്. കേരളത്തിന്റെ ഹൃദയം മനസ്സിലാക്കിയ ആളായിരുന്നു എം ടി. തങ്ങള്‍ക്ക് ശ്രദ്ധിക്കപ്പെടാന്‍ പ്രശസ്തരായവരെ ചീത്ത വിളിക്കുന്ന സമീപനമാണ് ബിജെപി നടത്തുന്നത്.

മതവും മതവുമായി ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റവും കൂടുതല്‍ ഭയക്കുന്നത് രാഷ്ട്രീയ ബോധമുള്ള എഴുത്തുകാരെയാണ്. മാപ്പിള രാമായണം പോലെയുള്ള കൃതികള്‍ ഉണ്ടായ നാടാണ് കേരളം. ഇന്ന് അതു പോലെ ഒരു രചനയുണ്ടാകാന്‍ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു.  മാസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് അധ്യക്ഷനായി. മാസ് സെക്രട്ടറി എ റഷീദ് സ്വാഗതവും ജോയന്റ് സെക്രട്ടറി പി മുരുകേശന്‍ നന്ദിയും പറഞ്ഞു. എം നൌഷാദ് എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ യൂനുസ്കുഞ്ഞ്, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ്, അഡ്വ. സുരേഷ്കുമാര്‍,  പി സോമനാഥന്‍, സന്തോഷ് ആശ്രാമം, ഷെന്‍ലേ തുടങ്ങിയവര്‍ സംസാരിച്ചു.