Top
24
Friday, November 2017
About UsE-Paper

ബിജെപി നേതാവിന്റെ കോടികളുടെ വിസാ തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്കൈമാറും

Thursday Nov 9, 2017
സ്വന്തംലേഖകന്‍
കൊട്ടാരക്കര > ബിജെപി നേതാവിന്റെ വീട്ടില്‍ നടന്ന കോടികളുടെ വിസാ തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.  ബിജെപി നേതാവും  ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റുമായ കൊട്ടാരക്കര പുലമണ്‍ ഗോകുലത്തില്‍ ബിജു (കോട്ടപ്പുറം ബിജു) വിന്റെ വീട്ടില്‍ വച്ചാണ് കോടികളുടെ വിസാ തട്ടിപ്പ് നടന്നത്. നിലവില്‍ ഏഴ് പ്രതികളുള്ള കേസില്‍ ഇയാളെയും പ്രതിചേര്‍ക്കും. സംഭവത്തില്‍ ഇയാളുടെ വീട് ഓഫീസ് ആയി പ്രവര്‍ത്തിച്ചാണ് ഓരോ ഇടപാടുകാരില്‍നിന്ന് 60000 മുതല്‍ 120000 വരെ തുക കൈപറ്റിയത്. കേസുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും വ്യാജ ഓഫര്‍ ലെറ്ററുകളും മറ്റു രേഖകളും ചമച്ചു നല്‍കിയ പ്രിന്ററും ബിജുവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. ഇയാളുടെ മക്കളായ ഹരികൃഷ്ണനും ഗിരികൃഷ്ണനും എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. സംഭവം പുറത്തറിഞ്ഞത് മുതല്‍ കോട്ടപ്പുറം ബിജു ഒളിവിലാണ്. ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍ കേസ് അട്ടിമറിക്കുന്നതിന് ശ്രമം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ കിട്ടിയതു മുതല്‍ ഇയാളുടെ ബന്ധുകൂടിയായ ബിജെപി ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൂടാതെ സംഭവത്തെത്തുടര്‍ന്ന് ബിജെപിയുടെ ജനരക്ഷാ യാത്രയുടെ സ്വീകരണാര്‍ത്ഥം കൊട്ടാരക്കര ടൌണില്‍ കോട്ടപ്പുറം ബിജു ബിജെപി ഉന്നത നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന പ്രചാരണ ബോര്‍ഡുകള്‍ ബിജെപി നേതൃത്വം അന്ന് രാത്രി തന്നെ മാറ്റിയത് ഇയാളുടെ ബിജെപി ബന്ധം പുറത്തറിയാതിരിക്കാനാണ്. 
നാനൂറില്‍ അധികം പേര്‍ തട്ടിപ്പിന് ഇരയായ കേസില്‍ 5 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രധാന പ്രതി പത്തനംതിട്ട സ്വദേശി പ്രിന്‍സ് സക്കറിയ ഇനിയും പിടിയിലായിട്ടില്ല. എയര്‍പോര്‍ട്ടില്‍ ഉള്‍പ്പെടെ ഇയാള്‍ക്കായി ലുക്കൌട്ട് നോട്ടിസുകള്‍ പതിച്ചും മറ്റും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി കൊട്ടാരക്കര സി ഐ ഒ എ സുനില്‍ ദേശാഭിമാനിയോട് പറഞ്ഞു.