22 September Saturday
ചിന്നക്കട ആകാശപ്പാത

പ്രതീക്ഷ നിറവേറുമോ; മണ്ണ് പരിശോധന പുരോഗമിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018

ചിന്നക്കട റൗണ്ടിനു സമീപം ഫുട്‌ ഓവർ ബ്രിഡ്‌ജിനായി മണ്ണു പരിശോധന നടത്തുന്നു

കൊല്ലം
ജില്ലാ ആസ്ഥാനമായ കൊല്ലം ചിന്നക്കടയെ ഗതാഗതക്കുരുക്കിൽനിന്നു രക്ഷിക്കാൻ കോർപറേഷന്റെ സജീവ പരിഗണനയിലുള്ള ആകാശപ്പാതയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് നാടും നാട്ടാരും. ഇതിനായുള്ള മണ്ണ് പരിശോധനയും സാധ്യതാ പരിശോധനയും പുരോഗമിക്കുന്നു. പരിശോധനാ റിപ്പോർട്ടിൽ ആകാശപ്പാതയ്ക്ക് സാധ്യതയുണ്ടെങ്കിൽ റിപ്പോർട്ട് തയ്യാറാക്കും. കോർപറേഷൻ വൈകാതെ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് കോൺക്ലേവും സംഘടിപ്പിക്കും. 
ഊരാലുങ്കൽ ലേബർ കോൺട്രാക്ട‌് കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മണ്ണ് പരിശോധനയും സാധ്യതാ പരിശോധനയും നടത്തുന്നത്. ഇവർ കോർപറേഷനു നൽകിയ ആകാശപ്പാതയുടെ രൂപരേഖയിൽ 24 മുറികടകളും ഉൾപ്പെടുന്നുണ്ട്. നിർമാണ സാധ്യതകൾ പരിശോധിച്ചശേഷമാകും തുടർ നടപടികൾ ഉണ്ടാകുക. കൊല്ലം‐ ചെങ്കോട്ട ദേശീയപാത 774, ചിന്നക്കട‐ റെയിൽവേ മേൽപ്പാലം, ബീച്ച് റോഡ്, ചവറ ഭാഗത്തേക്കുള്ള ബസ്ബേ, ആശ്രാമം റോഡ് തുടങ്ങിയ അഞ്ചു റോഡുകളിൽനിന്നു പ്രവേശിക്കാൻ കഴിയുംവിധമാണ് ആകാശപ്പാത നിർമിക്കുന്നത്. ആകാശപ്പാതയിലേക്കു കയറാൻ ലിഫ്റ്റും യന്ത്രപ്പടിയും സ്ഥാപിക്കുന്നുണ്ട്. 
ഏകദേശം 20‐25 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാത യാഥാർഥ്യമാക്കാൻ നിയമാനുസൃതമായ പല സാധ്യതകളും കോർപറേഷന്റെ ആലോചനയിലുണ്ട്. കൗതുകം ജനിപ്പിക്കുംവിധമായിരിക്കും നിർമാണം. യാത്രക്കാരെയും മറ്റും ആകർഷിക്കുമെന്നതുകൊണ്ടാണ് ആകാശപ്പാതയ്ക്കു ചുറ്റും കടമുറികൾ നിർമിക്കുന്നത്.  ഇത് കോർപറേഷന് വരുമാനത്തിനും അതുപോലെ വ്യാപാര മേഖലയുടെ ഉണർവിനും വഴിയൊരുക്കും. 
അതിനിടെ പാതയുടെ നിർമാണത്തിന് നാഷണൽ ഹൈവേയുടെയും കെഎസ്എഫ്ഇയുടെയും അനുവാദം വേണം. ഒരു കവാടം ചെന്നിറങ്ങുക ചിന്നക്കടയിലെ കെഎസ്എഫ്ഇ ഓഫീസിനു സമീപമാണ്. ആകാശപ്പാതയുടെ നിർമാണത്തെക്കുറിച്ചും എത്രമാത്രം മികച്ചരീതിയിൽ ആകാ
മെന്നതു  സംബന്ധിച്ചും എല്ലാവരെയും വിളിച്ചുചേർത്ത് കൂടിയാലോചന നടത്തുമെന്ന് മേയർ വി രാജേന്ദ്രബാബു ‘ദേശാഭിമാനി’യോട് പറഞ്ഞു.
 കൊല്ലം പട്ടണത്തെ മെട്രോപൊളിറ്റൻ സിറ്റിയുടെ വളർച്ചയിലേക്കും നാടിനും ജനങ്ങൾക്കും കൂടുതൽ വികസന സാധ്യതകൾ തുറന്നിടുന്നതിനും സഹായിക്കുന്നതാണ് ആകാശപ്പാതയും ഇന്റർനാഷണൽ കൺവൻഷൻ സെന്ററും. 100 കോടിയാണ് കൺവൻഷൻ സെന്ററിന്റെ നിർമാണത്തിന് വേണ്ടിവരിക. പിപിപി (പബ്ലിക‌് പ്രൈവറ്റ് പ്രോപ്പർട്ടി) മാതൃകയിൽ കരാർ നൽകി കൺവൻഷൻ സെന്റർ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. സുതാര്യമായ എല്ലാ സാധ്യതകളും അധികൃതർ ചർച്ചചെയ്യുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top