15 November Thursday
വീട്ടിലിരുന്ന‌് നികുതി അടയ‌്ക്കാം

നഗരസഭയിൽ കെട്ടിടനികുതി ഒാൺലൈനാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018
 
വിഷ‌്ണുപ്രസാദ‌് 
തിരുവനന്തപുരം
 തലസ്ഥാന നഗരവാസികൾക്ക‌് ഇനി കെട്ടിടനികുതിയും ഓൺലൈനായി അടയ‌്ക്കാം.  കെട്ടിടനിർമാണ അപേക്ഷകൾ പൂർണമായും ഓൺലൈൻ ആക്കുന്നതിന‌് പിന്നാലെയാണ‌് പുതിയ നടപടി. ഈ സാമ്പത്തികവർഷംതന്നെ പദ്ധതി നടപ്പാക്കാനാണ‌് നഗരസഭാ ഭരണസമിതിയുടെ പരിശ്രമം.
   നാലുലക്ഷത്തോളം കെട്ടിടങ്ങളാണ‌് നഗരത്തിലുള്ളത‌്. ഇതിൽ അറുനൂറ‌് ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങൾക്ക‌് നികുതി ഈടാക്കേണ്ടതില്ലെന്ന‌്  തീരുമാനിച്ചിട്ടുണ്ട‌്. അതിന‌് മുകളിലേക്കുള്ള കെട്ടിടങ്ങൾക്ക‌് സേവന ഉപനികുതിയും ഈടാക്കും. ഓൺലൈൻ ആകുന്നതോടെ നികുതി ചോർച്ച ഒഴിവാക്കി, നഗരസഭയുടെ തനത‌് വരുമാനം വർധിപ്പിക്കാനാകും. ക്യൂ നിൽക്കാതെ വീട്ടിലിരുന്നുതന്നെ നികുതി അടയ‌്ക്കാമെന്ന സൗകര്യമാണ‌് കെട്ടിട ഉടമകൾക്ക‌് ലഭിക്കുന്നത‌്. പദ്ധതി നടപ്പാക്കുന്നതിന‌് ഡാറ്റാ എൻട്രി ജോലികൾ പുരോഗമിക്കുകയാണ‌്. ഡാറ്റാ എൻട്രി പൂർത്തിയാക്കിയ കെട്ടിട ഉടമൾക്ക‌് നോട്ടീസ‌് അയച്ചുതുടങ്ങി.
കഴിഞ്ഞ സാമ്പത്തികവർഷം നഗരസഭയുടെ നികുതി ഇനത്തിലുള്ള വരുമാനത്തിൽ 15 ശതമാനത്തോളം വർധനയുണ്ടായി. ഓൺലൈൻ ആകുന്നതോടെ വൻ വർധനയാണ‌് പ്രതീക്ഷിക്കുന്നത‌്. 
    കെട്ടിടനിർമാണത്തിനുള്ള അപേക്ഷ ഓൺലൈൻ ആക്കുന്നതിന്റെ പൈലറ്റ‌് പദ്ധതി  തിരുവനന്തപുരം നഗരസഭയിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുമാണ‌് നടപ്പാക്കുന്നത‌്. 18 മുതലാണ‌് പൈലറ്റ‌് പദ്ധതി ആരംഭിക്കുക. 
തിരുവനന്തപുരം നഗരസഭയിലും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലും ബിൽഡിങ‌് ഡിസൈനർമാർക്ക‌് സോഫ‌്റ്റ‌് വെയർ സംബന്ധിച്ച പരിശീലനം ആരംഭിച്ചിട്ടുണ്ട‌്. രജിസ്റ്റർ ചെയ്യുന്ന ഡിസൈനർമാർക്ക‌് തുടർന്നും പരിശീലനം നൽകും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top