Top
24
Tuesday, January 2017
About UsE-Paper

കിഴക്കന്‍ മേഖലയിലെ ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം അവതാളത്തില്‍

Monday Jan 9, 2017
വെബ് ഡെസ്‌ക്‌

കടയ്ക്കല്‍ > കടയ്ക്കല്‍, ചടയമംഗലം ട്രഷറികളില്‍ പെന്‍ഷന്‍ വിതരണം അവതാളത്തില്‍. വയോജനങ്ങള്‍ നെട്ടോട്ടമോടുന്നു. രണ്ട് ട്രഷറികളിലും ആവശ്യത്തിന് പണം നല്‍കാത്തതാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലാക്കിയത്. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ഗ്രാമപ്രദേശങ്ങളില്‍ മതിയായ തുക നല്‍കണമെന്ന ആര്‍ബിഐ നിര്‍ദേശം നിലവിലുണ്ട്.

കടയ്ക്കല്‍ ചടയമംഗലം ട്രഷറികളിലേക്കുള്ള പെന്‍ഷനും ശമ്പളത്തിനും വേണ്ടിയുള്ള പണം നല്‍കുന്നത് കടയ്ക്കല്‍ എസ്ബിടി ശാഖയില്‍നിന്നാണ്. ഇവിടെനിന്നും ട്രഷറികളിലേക്ക് മതിയായ തുക നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജനുവരിയിലെ ആദ്യവാരം പിന്നിടുമ്പോള്‍ കടയ്ക്കല്‍ സബ്ട്രഷറിയില്‍നിന്ന് പെന്‍ഷന്‍ വാങ്ങുന്ന പകുതിയിലധികംപേര്‍ക്കും പെന്‍ഷന്‍ ലഭിച്ചില്ല.

ആയിരത്തിമുന്നൂറ് പേര്‍ പെന്‍ഷന്‍ വാങ്ങുന്ന കടയ്ക്കല്‍ സബ്ട്രഷറിയില്‍ ഈ മാസത്തെ ആദ്യത്തെ പ്രവൃത്തിദിവസമായ മൂന്നിന് പെന്‍ഷന്‍ ശമ്പള വിതരണത്തിനായി ഒരു കോടിയുടെ ചെക്ക് ട്രഷറി അധികൃതര്‍ എസ്ബിടി ശാഖയില്‍ സമര്‍പ്പിച്ചപ്പോള്‍ ലഭിച്ചത് മുപ്പത് ലക്ഷം രൂപ. തുടര്‍ന്നുള്ള ദിവസങ്ങളിലും കൊടുത്തത് പരിമിതമായ തുകയാണ്. വെള്ളിയാഴ്ച ഒരു രൂപപോലും നല്‍കിയില്ല. ശനിയാഴ്ച നല്‍കിയത്. 10 ലക്ഷം രൂപയും. 528 പേര്‍ക്ക് മാത്രമാണ് ഇതുവരെ പെന്‍ഷന്‍ കിട്ടിയത്. ബാക്കിയുള്ളവര്‍ക്ക് എന്ന് പെന്‍ഷന്‍ കൊടുക്കാനാകുമെന്ന് ഉറപ്പു പറയാനാകാതെ കുഴയുകയാണ് ട്രഷറി ജീവനക്കാര്‍.

സ്ഥിരമായി ഇവിടെനിന്നും ശമ്പള ബില്ല് മാറിയിരുന്ന അഞ്ച് പഞ്ചായത്തുകളിലെ ബില്ല് ഇത്തവണ മാറിയത് കിളിമാനൂര്‍ സബ്ട്രഷറിയില്‍നിന്നാണ്. കടയ്ക്കല്‍ ട്രഷറിയില്‍നിന്നും നല്‍കേണ്ട ക്ഷേമപെന്‍ഷന്‍ തുകയായ 1.90 കോടി രൂപ തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍നിന്നാണ് മാറിയത്. പെന്‍ഷന്‍ തുകയ്ക്കായി ട്രഷറിയിലെത്തുന്ന വയോജനങ്ങള്‍ നിരാശരായി മടങ്ങുകായണ്.