19 September Wednesday
കേരളത്തിന്റെ പുനർസൃഷ്ടി

കൈയയച്ച് സംഭാവന ചെയ്യണം: മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൊല്ലം
പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർസൃഷ്ടിക്കായി ഓരോരുത്തരും കൈയയച്ച് സംഭാവന നൽകണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ അഭ്യർഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ജില്ലാതല ധനസമാഹരണ യജ്ഞമായ ‘കനിവോടെ കൊല്ല’ത്തിന്റെ ആലോചനാ യോഗം ടി എം വർഗീസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
കേരളത്തെ ദീർഘകാലാടിസ്ഥാനത്തിൽ പുനർസൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഇതിന് എല്ലാ മേഖലകളിലുമുള്ളവർ ഒരേ മനസ്സോടെ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാരിൽ തുടങ്ങി വാർഡ്തലംവരെ നീളുന്ന പ്രവർത്തനത്തിലൂടെ പരമാവധി ധനസമാഹരണമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മുന്നിട്ടിറങ്ങാൻ ജനപ്രതി
നിധികൾ ഒന്നടങ്കമുണ്ടാകും. ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും കൂടിയാകുമ്പോൾ ധനസമാഹരണം കൂടുതൽ വേഗത്തിലാകും.
സമസ്ത മേഖലകളിൽനിന്നും ഉദാരമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ പഞ്ചായത്തുകളും വരുംദിവസങ്ങളിൽ യോഗം ചേർന്ന് സമാഹരണ മാർഗങ്ങൾക്ക് രൂപം നൽകണം. സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെ പങ്കാളിത്തം ഉറപ്പാക്കി പ്രവർത്തനങ്ങൾ ക്രോഡീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. 
നാടിന്റെ പുനർസൃഷ്ടിക്കായാണ് ധനസമാഹരണം നടത്തുന്നതെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി കെ രാജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഇക്കാര്യത്തിൽ സുപ്രധാനമാണ്. 
എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ സോമപ്രസാദ്, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ്, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, എൻ വിജയൻപിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ രാധാമണി,  കലക്ടർ എസ് കാർത്തികയേൻ, സബ് കലക്ടർ എസ് ചിത്ര, എഡിഎം ബി ശശികുമാർ, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ എ ലാസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എൻ മനുബായി, ജില്ല‐ബ്ലോക്ക്‐ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  ചടങ്ങിൽ വിവിധ സ്ഥാപനങ്ങളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ സംഭാവന മന്ത്രിമാർ സ്വീകരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top