18 November Sunday

പകർച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗൺ പര്യടനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ഡോക്‌സി വാഗൺ കലക്ടർ എസ്‌ കാർത്തികേയൻ ഫ്്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു

കൊല്ലം
പകർച്ചവ്യാധി പ്രതിരോധ സന്ദേശവുമായി ഡോക്‌സി വാഗൺ ജില്ലയിൽ പര്യടനം തുടങ്ങി. ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയ വാഹനത്തിന്റെ യാത്ര കലക്ടറേറ്റ്‌ വളപ്പിൽ കലക്ടർ എസ് കാർത്തികേയൻ ഫ്‌ളാഗ് ഓഫ് ചെയ്തു. 
എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചരോഗങ്ങൾ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. രോഗം റിപ്പോർട്ട് ചെയ‌്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാഹനത്തിന്റെ യാത്ര. 
രോഗലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും വിശദമാക്കുന്ന അനൗൺസ്‌മെന്റ് വാഹനത്തിലുണ്ട്. രോഗം വരാതിരിക്കാൻ ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങൾ, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം തുടങ്ങിയ വിവരങ്ങളടങ്ങുന്ന ലഘുലേഖ വിതരണം ചെയ്യുന്നു.
വരുംദിവസങ്ങളിൽ സഞ്ചരിക്കുന്ന വീഡിയോ പ്രദർശനവും ഡോക്‌സിവാഗണിനെ അനുഗമിക്കും. രോഗപ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് സംസ്ഥാനതലത്തിൽ തയ്യാറാക്കിയ വീഡിയോകളും കൊതുകുജന്യ രോഗങ്ങളെക്കുറിച്ച്  അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ ലഘുചിത്രങ്ങളുമാണ് ഇതിൽ പ്രദർശിപ്പിക്കുക.
സന്ദേശപ്രചാരണത്തിനായി ആരോഗ്യവകുപ്പ് ഫ്‌ളാഷ്‌ മോബ്‌ സംഘടിപ്പിക്കും. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അറിവ് പരമാവധി ആളുകളിൽ എത്തിക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വി വി ഷേർളി അറിയിച്ചു.  
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top