16 November Friday
മെറ്റിൽ നിർമാണം പൂർത്തിയായി

കൊല്ലം ബൈപാസ്: മുടങ്ങിയ ടാറിങ് 10ന് പുനരാരംഭിക്കും

സ്വന്തം ലേഖകൻUpdated: Thursday Sep 6, 2018
കൊല്ലം
മഴയെത്തുടർന്ന‌് മുടങ്ങിയ കൊല്ലം ബൈപാസ‌് നിർമാണം പുനരാരംഭിച്ചു. അവശേഷിച്ച മെറ്റിൽ നിർമാണം കാവനാട് ഭാഗത്ത് കഴിഞ്ഞദിവസം പൂർത്തീകരിച്ചു. മുടങ്ങിയ ടാറിങ് (ഡിബിഎം) 10ന് തുടങ്ങും. തുടർന്ന് അവസാനഘട്ട ടാറിങ്ങും വൈകാതെ ആരംഭിക്കും. നിർമാണം പൂർത്തീകരിച്ച് നവംബറോടെ ബൈപാസിന്റെ ഉദ്ഘാടനം നടത്താനാണ് ആലോചന. 
പനവേൽ (മുബൈ)‐ കന്യാകുമാരി നാഷണൽ ഹൈവേ 47ൽ (പുതിയത് 66) കാവനാടിനെയും മേവറത്തെയും ബന്ധിപ്പിച്ച് 13.5 കിലോ മീറ്റർ നീളത്തിലാണ് കൊല്ലം ബൈപാസ്. 10 മീറ്റർ വീതിയിലാണ് ടാറിങ്. ജില്ലയിലെ ഏക ബൈപാസാണിത്. രണ്ടാം ഘട്ടമായി നിർമാണം തുടങ്ങിയത് കല്ലുംതാഴം മുതൽ കാവനാട് ആൽത്തറമൂട് വരെ ഒമ്പതു കിലോമീറ്ററാണ്. ഇവിടെ കാവനാട്, നീരാവിൽ, മങ്ങാട് കണ്ടച്ചിറ എന്നിവടങ്ങളിൽ പാലം നിർമാണം പൂർത്തിയായി. പാലങ്ങൾ നിർമിച്ചിടത്ത് അപ്രോച്ച് റോഡുകളുടെയും കടവൂരിൽ താഴ്ന്ന ഭാഗത്തും പാർശ്വഭിത്തി നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഇവിടെ പുതുതായി റോഡ് നിർമിച്ച മങ്ങാട്ടുനിന്ന‌് കാവനാട് ഭാഗത്തേക്കാണ് മൂന്നരക്കിലോ മീറ്റർ നീളത്തിൽ 10ന് ടാറിങ്ങിന്റെ ആദ്യഘട്ടം തുടങ്ങുന്നത്. ഇത് പൂർത്തീകരിക്കുമ്പോൾ കല്ലുംതാഴം മുതൽ കാവനാട് വരെ അവസാനഘട്ട ടാറിങ്ങിനും തുടക്കമാകും. ഒന്നാം ഘട്ടമായി മേവറം മുതൽ കല്ലുംതാഴം വരെ നേരത്തെ ഏഴു മീറ്റർ ടാറിങ്ങിൽ (രണ്ട‌് ലെ‌യ‌്ൻ) ബൈപാസ് നിർമിച്ചിരുന്നു. ഇപ്പോൾ ഈ ഭാഗത്തും 10 മീറ്ററിൽ ടാറിങ് നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 
എന്നാൽ, സിഗ്നൽ, വരകൾ, റോഡ് മാർക്കിങ് എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്. ബൈപാസിൽ കാവനാട് ആൽത്തറമൂട്, കടവൂർ ഒറ്റയ്ക്കൽ ജങ‌്ഷൻ, കല്ലുംതാഴം, അയത്തിൽ, മേവറം എന്നിവിടങ്ങളിലുള്ള സിഗ‌്നൽ നിർമാണവും പൂർത്തീകരിക്കണം. കെൽട്രോണിനാണ് ഇതിന്റെ ചുമതല. നാഷണൽ ഹൈവേ 47ൽ കാവനാട് ആൽത്തറമൂട്, മേവറം എന്നിവിടങ്ങളിൽ സിഗ്നൽ വരും. കടവൂർ ഒറ്റയ്ക്കൽ ജങ‌്ഷനിൽ കൊല്ലം‐ തേനി (183) റോഡും കല്ലുംതാഴത്ത് കൊല്ലം‐ തിരുമംഗലം (എൻഎച്ച് 744) റോഡും അയത്തിലിൽ കൊല്ലം‐ അമ്പലംകുന്ന് സ്റ്റേറ്റ് ഹൈവേയും ക്രോസ് ചെയ്യുന്നുണ്ട്. ഇവിടങ്ങളിലും ആധുനിക സംവിധാനത്തോടെ സിഗ്നൽ സ്ഥാപിക്കേണ്ടതുണ്ട്. 
പാലങ്ങളുടെ നിർമാണം ഉൾപ്പെടെ മേവറം‐കാവനാട് കൊല്ലം ബൈപാസിന്റെ നിർമാണച്ചെലവ‌് 270 കോടി രൂപയാണ്.
 
പ്രധാന വാർത്തകൾ
Top