19 November Monday

ആശുപത്രികളില്‍ പ്രത്യേക വാര്‍ഡ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 

കൊല്ലം 
ജില്ലയിൽ എലിപ്പനി ബാധിച്ചതായി സംശയിക്കുന്ന ഒരാൾ മരിക്കുകയും വിവിധ ഭാഗങ്ങളിൽ എട്ടുപേരിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ  പ്രതിരോധചികിത്സാ സംവിധാനങ്ങൾ വിപുലീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ വി വി ഷേർളി അറിയിച്ചു. 
രോഗം ബാധിച്ചതായി സംശയിക്കുന്ന പരവൂർ നെടുങ്ങോലം കൂനയിൽ രാജിഭവനിൽ സുജാത (55)യാണ് ചൊവ്വാഴ‌്ച തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിൽ മരിച്ചത‌്. നെടുമൺകാവ്, പത്തനാപുരം, അഞ്ചൽ, പടിഞ്ഞാറെ കല്ലട, പാലത്തറ മേഖലകളിലായാണ് എട്ടുപേർക്ക‌് രോഗം സ്ഥിരീകരിച്ചത്. 
ജില്ലാ ആശുപത്രി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രികൾ, കടയ്ക്കൽ, നീണ്ടകര താലൂക്കാശുപത്രികൾ എന്നിവിടങ്ങളിൽ ആറു കിടക്കകളുള്ള എലിപ്പനി വാർഡ് ആരംഭിച്ചു.  ഫിസിഷ്യൻ, പീഡിയാട്രിഷ്യൻ, അനസ്തറ്റിസ്റ്റ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ പ്രത്യേകമായി നിയോഗിച്ചു. അവശ്യ മരുന്നുകളായ ഡോക്‌സിസൈക്ലിൻ, ഇൻജക‌്ഷൻ സിപി, ഇൻജക‌്ഷൻ സെഫ്ട്രിയാക്‌സോൺ എന്നിവ ലഭ്യമാക്കി. 
എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും  സജ്ജമാക്കിയിട്ടുള്ള ഡോക്‌സി കോർണറുകളിലും ഡോക്‌സിസൈക്ലിൻ ലഭ്യമാക്കിയിട്ടുണ്ട‌്. പഞ്ചായത്തുതലത്തിൽ ആശ, ആരോഗ്യ പ്രവർത്തകരുടെ സേവനം പ്രയോജനപ്പെടുത്തി പ്രളയമേഖലകളിൽ രക്ഷ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്തി പ്രതിരോധ മരുന്ന് നൽകിവരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഡോക്‌സിസൈക്ലിൻ നൽകി.
ജില്ലാ ആശുപത്രിയിലും കരുനാഗപ്പള്ളി, നീണ്ടകര ആശുപത്രികളിലും നിലവിൽ രണ്ടു ഷിഫ്റ്റുകളിൽ ലഭ്യമായ ഡയാലിസിസ് സൗകര്യം മൂന്നു ഷിഫ്റ്റുകളാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ചികിത്സാ മാർഗരേഖ പാലിച്ചുതന്നെ എലിപ്പനി ചികിത്സ നടത്തണമെന്നും എലിപ്പനി സംശയിക്കുന്നതോ സ്ഥിരികരിച്ചതോ ആയ കേസുകൾ  അതത് ദിവസംതന്നെ ജില്ലാ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അവശ്യമരുന്നുകളായ ഡോക്‌സിസൈക്ലിൻ, ഇൻജക‌്ഷൻ സിപി, സെഫ്ട്രിയാക്‌സോൺ എന്നിവ സ്റ്റോക്കുണ്ടാകണമെന്നും  ഇതുമായി ബന്ധപ്പെട്ട് എല്ലാ സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
പ്രധാന വാർത്തകൾ
Top