21 September Friday

നൂറോളം കെഎസ്ആർടിസി ബസുകൾ പിടിച്ചിട്ടു യാത്രക്കാർ വലയുന്നു; വരുമാനം കുത്തനെയിടിഞ്ഞു

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
കൊല്ലം
ഡീസൽ വിലയുടെയും നഷ്ടത്തിന്റെയും പേരിൽ വരുമാനം കുറവുള്ള സർവീസുകൾ നടത്തേണ്ടതില്ലെന്ന എംഡിയുടെ നിർദേശം നടപ്പാക്കിയപ്പോൾ ജില്ലയിൽ കെഎസ്ആർടിസി ഡിപ്പോകളിൽ പിടിച്ചിട്ട ബസുകളുടെ എണ്ണം നൂറോളം. ഇതോടെ യാത്രാക്ലേശം രൂക്ഷമാകുകയും കെഎസ്ആർടിസിയുടെ വരുമാനം വലിയ തോതിൽ ഇടിയുകയും ചെയ്തു. ഒപ്പം നിരവധി കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഡ്യൂട്ടിയും ഇല്ലാതായി. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താതെ വന്നതോടെ സാമ്പത്തിക നേട്ടം സമാന്തര സർവീസുകൾക്കായി. 
കൊല്ലം, കൊട്ടാരക്കര, പുനലൂർ ഡിപ്പോകൾ ഉൾപ്പെടെ ജില്ലയിലെ ഏഴ് ഡിപ്പോകളിലും രണ്ട് ഓപ്പറേറ്റിങ്ങ് സെന്ററുകളിലുമായി നിരവധി ഗ്രാമീണ സർവീസുകളും കൊല്ലം‐ പുനലൂർ, കൊട്ടാരക്കര‐ കരുനാഗപ്പള്ളി, കൊല്ലം‐ കായംകുളം തുടങ്ങിയ പ്രധാന റൂട്ടുകളിലെ സർവീസുകളുമാണ് നിർത്തലാക്കിയത്. തിരക്കുകുറഞ്ഞ സമയങ്ങളിലെ സർവീസുകൾ അയക്കേണ്ടതില്ലെന്നാണ് എംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ സർവീസ് തുടങ്ങുന്ന പല ബസുകളും ഉച്ചമുതൽ അതാത് ഡിപ്പോകളിൽ പിടിച്ചിടുന്നു. ജില്ലാ ആസ്ഥാനത്തെ ഡിപ്പോയിലുള്ളത് 110 ഓപ്പറേറ്റിങ്ങ് ഷെഡ്യൂളാണ്. ഇതിൽ ചൊവ്വാഴ്ച സർവീസ് നടത്തിയത് 80 എണ്ണം മാത്രമാണ‌്. 
തിങ്കളാഴ്ച സർവീസ് നടത്തിയത് എഴുപതും. എത്ര സർവീസ് നടത്തിയാലും 26,000 കിലോ മീറ്ററിൽ കൂടരുതെന്നാണ് എംഡിയുടെ കൽപ്പന. നേരത്തെ ഇത് 37,593 ആയിരുന്നു. ഇതുമൂലം വരുമാനത്തിലുണ്ടായത് വലിയ നഷ്ടമാണ്. ഞായറാഴ്ച കൊല്ലം ഡിപ്പോയിലെ കലക്ഷൻ 9,56,000 രൂപയും തിങ്കളാഴ്ച 11,84,299 രൂപയുമാണ്. ഡിപ്പോയിലെ കണ്ടക്ടർമാരുടെയും ഡൈവർമാരുടെയും എണ്ണം ഏകദേശം 210 ൽ അധികംവരും. ഇവരിൽ പലർക്കും ഇന്ന് ഡ്യൂട്ടിയില്ലാത്ത അവസ്ഥയാണിപ്പോൾ. ഒരു ബസിൽ കലക്ഷൻ 12,000 രൂപയിൽ കൂടുതലാണെങ്കിൽ രണ്ട് ഡ്യൂട്ടിയും 10,000 രൂപയാണെങ്കിൽ ഒന്നര ഡ്യൂട്ടിയും ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. ഇതോടെ ജോലിക്കു കയറാൻ അവസരം ലഭിക്കുന്ന ജീവനക്കാർക്കും സർവീസ് ട്രിപ്പുകൾ വെട്ടിക്കുറച്ചതോടെ മതിയായ ഡ്യൂട്ടി കിട്ടാതായി. അതിനിടെ ഡ്യൂട്ടി കിട്ടാതെ വലയുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഡിപ്പോകളിൽ വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പതിവായി. 
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്താത്തതുമൂലം റൂട്ടുകൾ സമാന്തര സർവീസുമായി സ്വകാര്യ വാഹനങ്ങൾ കൈയടക്കുകയാണ്. 
കൊല്ലം ‐ പുനലൂർ റൂട്ടിലാണ് സമാന്തര സർവീസ് കൂടുതൽ. വലിയ ഇടപെടൽ നടത്തി ഒഴിവാക്കിയ സമാന്തര സർവീസുകളാണ് ഇപ്പോൾ തിരിച്ചുവന്നിട്ടുള്ളത്. സർവീസ് വെട്ടിക്കുറയ്ക്കുന്നതിന്റെ പ്രയോജനം സമാന്തര സ്വകാര്യ മേഖലക്കാണെന്ന് ഡിടിഒ ഓഫീസർമാരുടെ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ എംഡി അതൊന്നും അംഗീകരിച്ചില്ല. മിക്ക ഡിപ്പോകളിലും 20 ശതമാനം വരെ സർവീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ യാത്രക്കാരും പെരുവഴിലായി. യാത്രക്കാരെ കുത്തിനിറച്ചാണ് രാവിലെയും വൈകിട്ടും സ്വകാര്യ വാഹനങ്ങളുടെ പോക്ക്. 
ചില റൂട്ടുകളിൽ ഒരു മണിക്കൂറിലേറെ കാത്തുനിന്നാൽ മാത്രമേ കെഎസ്ആർടിസി ബസ് കിട്ടാറുള്ളു. എംഡിയുടെ നടപടി ജനങ്ങളെ സർക്കാരിന‌് എതിരാക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
Top