13 November Tuesday
കൊല്ലം‐പുനലൂർ പാത

പാസഞ്ചറിന്റെ സമയമാറ്റം യാത്രക്കാർക്ക് തിരിച്ചടി

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018
കൊല്ലം
റെയിൽവേ സമയമാറ്റം കൊല്ലം‐പുനലൂർ പാതയിൽ പാസഞ്ചർ ട്രെയിനെ ആശ്രയിക്കുന്ന യാത്രക്കാരെ ദുരിതത്തിലാക്കി. പുനലൂർ‐കൊല്ലം പാസഞ്ചർ ട്രെിയിനിന്റെ സമയമാണ് മാറ്റിയിരിക്കുന്നത്. നേരത്തെ രാവിലെ 8.20ന് പുനലൂരിൽ നിന്നാരംഭിച്ചിരുന്ന പാസഞ്ചർ അരമണിക്കൂർ നേരത്തെയാക്കി. അതുപോലെ വൈകിട്ട് 5.30ന് കൊല്ലത്തു നിന്നും പുനലൂരിലേക്ക് പുറപ്പെട്ടിരുന്ന പാസഞ്ചർ ട്രെയിനിന്റെ സമയം ഇപ്പോൾ ആറാക്കി. ഇതുമൂലം യാത്രക്കാരുടെ യാത്രാക്ലേശം കൂടുകയാണ് ചെയ്തത്. 
ആര്യങ്കാവ്, കഴുതുരുട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ബസിനും മറ്റും പുനലൂരിൽ എത്തി പാസഞ്ചറിൽ കൊല്ലത്തേക്ക് വന്നിരുന്ന യാത്രക്കാർക്ക് സമയമാറ്റം തിരിച്ചടിയായി. ജില്ലയുടെ കിഴക്കൻ മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഏകാശ്രയമായിരുന്നു പാസഞ്ചർ. സമയമാറ്റം കൊട്ടാരക്കരയിലെത്തി രാവിലെ കൊല്ലത്തിന് പോകുന്നവരെയും വലച്ചു. നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാൽ തന്നെ അതിനനുസരിച്ച് ബസ് കിട്ടാറില്ല. ഇതുമൂലം പലർക്കും ട്രെയിൻ കിട്ടാതായി. പാസഞ്ചറിൽ കയറിക്കൂടാൻ പറ്റുന്നവർക്ക് വളരെ നേരത്തെ കൊല്ലത്ത് വന്നിറങ്ങേണ്ട അവസ്ഥയുമായി. നേരത്തെ 9.30ന് എത്തിയിരുന്ന പുനലൂർ‐ കൊല്ലം പാസഞ്ചർ ഇപ്പോൾ ഒമ്പതിന് എത്തിച്ചേരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും എത്തേണ്ടവർക്കാണ് തിരിച്ചടിയേറെ. വളരെ നേരത്തെയെത്തി സമയം പാഴാക്കേണ്ട അവസ്ഥയാണുള്ളത്. 
വൈകിട്ടത്തെ പാസഞ്ചറിന്റെ സമയമാറ്റവും യാത്രക്കാർക്ക് സമ്മാനിച്ചത് ക്ലേശംതന്നെയാണ്. ട്രെയിൻ വൈകിട്ട് അരമണിക്കൂർ വൈകി പുറപ്പെടുന്നതുമൂലം പല സ്റ്റേഷനുകളിലും ഇറങ്ങി യാത്രക്കാർക്ക് വീട്ടിലേക്ക് പേകാൻ ബസും കിട്ടാതാക്കി. ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള സ്ത്രീകളടക്കമുള്ള യാത്രക്കാർ രാത്രിയാണ് വീടുകളിൽ എത്തുന്നത്. പുനലൂനിൽ എത്തി വിവിധയിടങ്ങളിലേക്ക് പോകേണ്ടവരും വലയുകയാണ്. 
പ്രധാന വാർത്തകൾ
Top