24 September Monday

ശ്രീമതിക്കിനിയുറങ്ങാം.... സ്വപ്‌നവീട്ടിൽ

സതീഷ‌് വർഗീസ‌്Updated: Sunday Aug 5, 2018

മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ വീടിന്റെ താക്കോൽ ശ്രീമതിക്കു കൈമാറുന്നു

കുണ്ടറ 
ഒരിക്കലും നടക്കില്ലെന്നുകരുതി ശ്രീമതി മനസ്സിൽസൂക്ഷിച്ച കെട്ടുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമായി. കിഴക്കേ കല്ലട പഞ്ചായത്തിലെ കൊടുവിള കോടിയാട്ടു മുക്കിന് സമീപം വയലിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച വളപ്പിനുള്ളിലാണ് ശ്രീമതിയും ഭർത്താവും ബുദ്ധിമാന്ദ്യം സംഭവിച്ച നാല്പത്തിയാറുകാരൻ മകനും താമസിച്ചിരുന്നത്. ഇവരുടെ ശോച്യാവസ്ഥ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സന്തോഷിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നന്മയുടെ വാതിലുകൾ ശ്രീമതിക്കായി തുറക്കപ്പെട്ടത്.
ലൈഫ് മിഷൻ വിഹിതം കൂടാതെ ബ്ലോക്ക് അംഗങ്ങൾ തങ്ങളുടെ ഓണറേറിയത്തിൽ നിന്നുള്ള വിഹിതവും ബ്ലോക്ക് ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽനിന്നും സംഭാവനയും കൂട്ടിച്ചേർത്താണ് ശ്രീമതിക്കായി മനോഹരമായ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗൃഹോപകരണങ്ങളും സംഭാവനയായി നൽകിയിരുന്നു.
ശ്രീമതിയുടെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച കൂട്ടായ്മയിൽ ഫിഷറീസ് പരമ്പരാഗത വ്യവസായ വകുപ്പ് മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ വീടിന്റെ താക്കോൽ ശ്രീമതിക്കു കൈമാറി. ചടങ്ങിൽ അധിക വിഹിതം നൽകി പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും അവസാന ഗഡു തുകയും മന്ത്രി വിതരണം ചെയ്തു. ചിറ്റുമല ബ്ലോക്ക് പ്രസിഡന്റ് സി സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എം എസ അനിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി സിന്ധു മോഹൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിനു കരുണാകരൻ, സ്റ്റാൻസി യേശുദാസ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പ്ലാവറ ജോൺ ഫിലിപ്പ്, പ്രിയ മോഹൻ, കെ തങ്കപ്പനുണ്ണിത്താൻ, തങ്കമണി ശശിധരൻ, കുണ്ടറ അലക്സ്, ജി വേലായുധൻ, കല്ലട വിജയൻ, കല്ലട ഫ്രാൻസിസ്, വെള്ളിമൺ ദിലീപ്, ജയലക്ഷ്മി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top