21 November Wednesday

ഓടയിലേക്ക് മലിനജലം ഒഴുക്കിവിടൽ: 7 സ്ഥാപനം മുനിസിപ്പാലിറ്റി അടച്ചുപൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
കരുനാഗപ്പള്ളി
ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകളിലേക്ക് മലിനജലം തള്ളിയ നടപടിയിൽ  കടുത്ത നടപടിയുമായി മുനിസിപ്പാലിറ്റി. നാല് ലോഡ്ജും മൂന്നു ഹോട്ടലുകളുമുൾപ്പടെ അധികൃതർ അടച്ചുപൂട്ടി. തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിലാണ് പന്ത്രണ്ടോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനും സ്റ്റോപ്പ് മെമ്മോ നൽകാനും തീരുമാനിച്ചത്.ഓടകളിലേക്ക് വ്യാപാര സ്ഥാപനങ്ങളിൽനിന്ന‌് മലിനജലം ഒഴുക്കിവിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഓടകൾ കവിഞ്ഞ്  നഗരത്തിൽ പരന്നൊഴുകി ദുർഗന്ധം പടരുകയും ചെയ്തു. 
യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സംഭവത്തിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. മൂന്നു മാസം മുമ്പും ഇത്തരം സംഭവം ഉണ്ടായിരുന്നു. ആ സമയത്ത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും നാഷണൽ ഹൈവേയുടെ ഇരുവശങ്ങളിലുള്ള പൊതു ഓടയിലേക്ക് മാലിന്യം ഒഴുക്കുന്ന സ്ഥാപനങ്ങളെ മുനിസിപ്പാലിറ്റി നേരിട്ടു കേൾക്കുകയും സ്വന്തമായി മാലിന്യ സംസ‌്കരണ സംവിധാനം ഏർപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾ ആവശ്യപ്പെട്ട സമയം അനുവദിച്ചു നൽകുകയും ചെയ്തിരുന്നു.
ഒരു മാസത്തിനകം സ്വന്തം നിലയിൽ മാലിന്യ സംസ‌്കരണ മാർഗങ്ങൾ ഉണ്ടാക്കുമെന്ന് മുനിസിപ്പാലിറ്റിക്ക‌് സ്ഥാപനങ്ങൾ രേഖാമൂലം ഉറപ്പ‌് നൽകിയിരുന്നു. ഇത്തരം ക്രമീകരണം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ ശനിയാഴ‌്ചയോടെ  24 മണിക്കൂറിനുള്ളിൽ  പൂട്ടി മുനിസിപ്പാലിറ്റിയെ രേഖാമൂലം അറിയിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. വീണ്ടും നിയമ വിരുദ്ധമായി മലിനജലം ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്കെതിരെയാണ് ചൊവ്വാഴ‌്ച അടച്ചുപൂട്ടൽ നടപടികൾക്ക് തുടക്കമിട്ടത്.രാവിലെ പത്തോടെ നഗരസഭാ അധികൃതരും ആരോഗ്യ വിഭാഗവും സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യുകയായിരുന്നു. 
മുനിസിപ്പൽ പരിധിയിലുള്ളതും പൊതു ഓടയിലേക്ക് കക്കൂസ്, ഹോട്ടൽ മാലിന്യം എന്നിവ ഒഴുക്കുന്ന വ്യാപര സ്ഥാപനങ്ങൾക്കെതിരെയുമാണ്  കർശന നടപടികൾ സ്വീകരിച്ചു തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ രംഗത്തുവന്നു.സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെയും കൈയേറ്റ ശ്രമമുണ്ടായി. 
മുനിസിപ്പൽ സെക്രട്ടറിയെയും വൈസ് ചെയർമാൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഉൾ
പ്പടെയുള്ള ഭരണാധികാരി
കളെയും ഹോട്ടൽ ഉടമകളും ജീവനക്കാരും  ഉപരോധിച്ചു. ആർ രാമചന്ദ്രൻ എംഎൽഎയുടെ 
സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഭക്ഷണം പാചകം
ചെയ‌്ത ഹോട്ടലുകൾ ആറുവരെ പ്രവർത്തിപ്പിക്കാൻ അനുമതി നൽകി. തുടർന്ന‌് സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്ന് അധികൃതർ പറഞ്ഞു. 
മുനിസിപ്പാലിറ്റിയിൽനിന്നും നൽകുന്ന നോട്ടീസുകൾ തൃണവൽക്കരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ തുടർന്നും നഗരസഭ കർശന നടപടികൾ സ്വീകരിയ്ക്കുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ 
ദേശീയപാത അധികൃതരുടെ സഹായത്തോടെ ഓട തുറന്നുള്ള പരിശോധനയും  നടപടികളും തുടരുന്നതാണെന്നും അധികൃതർ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾക്കെതിരെയുള്ള നിയമ നടപടികൾക്ക്  ഹെൽത്ത് ഇൻസ‌്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ‌്പെക്ടർമാരായ പ്രസന്ന, അഷറഫ്, റവന്യൂ ഇൻസ‌്പെക്ടർ സുനിൽ കുമാർ, സീനിയർ ക്ലർക്ക് 
അജിത്ത്കുമാർ എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
Top