19 April Thursday

തൊഴിലാളി മുന്നേറ്റം ചുവപ്പിച്ച മണ്ണ്

ഷാനു കേരളപുരംUpdated: Wednesday Jan 3, 2018
 
കൊല്ലം > ഐതിഹാസിക തൊഴിലാളി മുന്നേറ്റമായി മാറിയ  1986 ലെ ഡിഎ സമരം നെടുവത്തൂരിലെ കശുവണ്ടി തൊഴിലാളികളുടെ വിപ്ളവ മനസിന് കൂടുതല്‍ ശക്തി പകര്‍ന്നു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പുന്നക്കോട് വിഎല്‍സി ഫാക്ടറി പടിക്കല്‍ നിരാഹാരമനുഷ്ടിച്ച  തൊഴിലാളി നേതാവ് പൂയപ്പള്ളി വിശ്വനാഥന്‍ സമരമുഖത്ത് ജീവന്‍ വെടിഞ്ഞു. സമരമുന്നേറ്റത്തിന്റെ  കുത്തൊഴുക്കില്‍ ജില്ലയില്‍  സമരം ചരിത്ര വിജയത്തിന് സാക്ഷിയായി. കശുവണ്ടി തൊഴിലാളികളുടെ അവകാശ പോരാട്ടത്തില്‍ ചുവന്ന നെടുവത്തൂരിലെ മണ്ണ് എന്നും ഇടതോരം ചേര്‍ന്നതാണ്. അടിയന്തരാവസ്ഥകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനം നടത്തിയതിന് നിരവധി നേതാക്കളും തൊഴിലാളികളും അറസ്റ്റ് വരിച്ചു. വലതുപക്ഷ  ‘ഭരണ ‘ഭീകരതയുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായി. 
കശുവണ്ടി തൊഴിലാളി നേതാക്കളായ കടയ്ക്കല്‍ സുന്ദരേശന്‍, നെടുവത്തൂര്‍ സുന്ദരേശന്‍, ജി ആര്‍ രമണന്‍, പുത്തൂര്‍ സോമരാജന്‍, പൂയപ്പള്ളി ജോണ്‍, ജെ രാമാനുജന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊഴിലാളികളെ സംഘടിപ്പിച്ച്് ഏരിയയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി ശക്തിപ്പെടുത്തി. ആദ്യ ഘട്ടത്തില്‍ 38 ഓളം കശുവണ്ടി ഫാക്ടറികളാണ് നെടുവത്തൂരില്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തനത്തിന് നിരോധനം നിലനിന്ന അക്കാലത്ത് ജോലികഴിഞ്ഞ് വീടുകളിലെത്തിയ തൊഴിലാളികളെ സംഘടിപ്പിച്ച് രാത്രികാലങ്ങളില്‍ പാര്‍ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തി. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ എഴുകോണ്‍ ലക്ഷ്മി കാഷ്യൂ ഫാക്ടറി പടിക്കല്‍ നടന്ന ഡിഎ സമരത്തില്‍ നേതാക്കളും തൊഴിലാളികളും അടങ്ങിയ രണ്ട് ബസ് നിറയെ ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. നാല്‍പ്പത് ദിവസത്തെ ജയില്‍ വാസത്തിനും കൊടിയ മര്‍ദനത്തിനും വിധേയരാക്കി. 
കരീപ്ര പഞ്ചായത്തിലെ പാലനിരപ്പിലും അമ്പലത്തുംകാലയിലും  നടന്ന ഡിഎ സമരവും നെടുവത്തൂരിലെ തൊഴിലാളി മുന്നേറ്റത്തിന്റെ ആവേശകരമായ അധ്യായമാണ്.  തൊഴിലാളി നേതാക്കളായ ബി രാഘവന്‍, മുരളി മടന്തകോട്, പി തങ്കപ്പന്‍, ജെ രാമാനുജന്‍ എന്നിവരടക്കമുള്ളവര്‍ അറസ്റ്റ് വരിച്ച് പൊലീസ് മര്‍ദനത്തിനിരയായി. 
1992ലെ കൂലിവര്‍ധന ആവശ്യപ്പെട്ടുള്ള കശുവണ്ടി തൊഴിലാളി സമരം തൊഴിലാളി ദ്രോഹങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും അതിജീവനത്തിന്റെ മുന്നേറ്റവും തീര്‍ത്തു. ഡിഎയും വേതനത്തോടുമൊപ്പം ചേര്‍ത്ത് നല്‍കുന്നതിനെതിരെ ശക്തമായ സമരത്തിനാണ് നെടുവത്തൂര്‍ സാക്ഷിയായത്. സമരം നയിച്ചതിനും സമരത്തില്‍ പങ്കെടുത്തതിനും നേതാക്കളെയും തൊഴിലാളികളെയും നിരവധി കള്ളക്കേസുകളില്‍പ്പെടുത്തി. കശുവണ്ടി മേഖലയില്‍ ഏരിയയിലുണ്ടായ മുന്നേറ്റത്തിന്റെ   ഫലമായി  52 കശുവണ്ടി ഫാക്ടറികളിലായി 12000 തൊഴിലാളികളാണ് ജോലി നോക്കുന്നത്. ജില്ലയില്‍ തൊഴിലാളി വര്‍ഗത്തിന്റെ ഹൃദയത്തോട് ചേര്‍ത്ത ചെങ്കൊടി പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് കൊടി ഉയരുമ്പോള്‍ നെടുവത്തൂരിലെ  ഐതിഹാസിക തൊഴിലാളി സമരങ്ങളും ജ്വലിച്ച് നില്‍ക്കും. 
 
പ്രധാന വാർത്തകൾ
Top