15 December Saturday
തെന്മല ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു

ഹൈഡ്രോ ഗ്രാഫിക് സംഘം സര്‍വെ തുടങ്ങി

സ്വന്തം ലേഖകന്‍Updated: Wednesday Jan 3, 2018
തെന്മല > പതിറ്റാണ്ടുകളായി എക്കലും മണ്ണും അടിഞ്ഞുകൂടിയിട്ടുള്ള തെന്മല ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് വിലയിരുത്താന്‍ ഹൈഡ്രോ ഗ്രാഫിക് സര്‍വെ സംഘം സര്‍വെ തുടങ്ങി. കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് സര്‍വെ നടത്തുന്നത്. 
ആധുനിക സര്‍വെ ഉപകരണങ്ങള്‍ ഘടിപ്പിച്ച ബോട്ട് ഡാമില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്നു. 23 കിലോമീറ്ററാണ് ഡാമിന്റെ വൃഷ്ടിപ്രദേശം. ഇത്രയും സ്ഥലത്ത് സര്‍വെ പൂര്‍ത്തിയാക്കാന്‍ ഒരു മാസം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കൃത്യമായ സര്‍വെ ഫലത്തിന് ഡാമിലെ ജലനിരപ്പ് 114 മീറ്ററില്‍ നിലനിര്‍ത്തണം. സര്‍വെ സംഘം ഒരു മാസം മുമ്പേ എത്തുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇവര്‍ എത്താന്‍ വൈകി. ഒരു മാസമായി ഡാമിലെ ജലനിരപ്പ് 114 മീറ്ററായി നിലനിര്‍ത്തിയിട്ടുണ്ട്. അതിനായി ഡാമിലെ ജലം സമീപത്തെ വൈദ്യുത നിലയത്തില്‍ വൈദ്യുത ഉല്‍പ്പാദനത്തിന് നല്‍കുന്നില്ലായിരുന്നു. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ സ്പില്‍വേ ഷട്ടറുകള്‍ തുറക്കേണ്ടി വന്നു. വൈദ്യുത ഉല്‍പ്പാദനവും പുനരാരംഭിച്ചിരുന്നു. സര്‍വെ നടക്കുന്നതിനാല്‍ വേനല്‍ കാലത്ത് കെഐപി കനാലുകളിലൂടെ ജലസേചനം ഫെബ്രുവരിയിലെ തുടങ്ങാന്‍ കഴിയൂ എന്ന സ്ഥിതിയുണ്ട്. കല്ലടയാറ്റിലെ ജലദൌര്‍ലഭ്യത്തിന് പരിഹാരമായി ചെറിയ തോതില്‍ ജലസേചനം നടത്താനും അധികൃതര്‍ക്ക് നീക്കമുണ്ട്. കേരള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈനി, അസി. ഡയറക്ടര്‍ ശ്രീജിത്ത് റിസര്‍ച്ച് അസിസ്റ്റന്റ് ഫ്രാന്‍സിസ് വി ആന്റണി, സജീവ്,ധന്യ, ജയകുമാര്‍ എന്നിവരാണ് സര്‍വെ സംഘത്തിലുള്ളത്.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top