22 April Sunday

താജ്മഹല്‍ ശില്‍പ്പനിര്‍മാണം ജനകീയ ഉത്സവമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 

കൊട്ടിയം > പുരോഗമന കലാസാഹിത്യ സംഘം കൊട്ടിയം ഏരിയ കമ്മിറ്റി ജനകീയ ഇടപെടലോടെ രൂപപ്പെടുത്തിയത് ഇന്ത്യയിലെ ആദ്യത്തെ വേറിട്ട പ്രതിഷേധം.
താജ്മഹല്‍ നമ്മുടെ അഭിമാനം, ചരിത്രത്തിനും ചരിത്ര സ്മാരകങ്ങള്‍ക്കും കരുതലോടെ കാവല്‍നില്‍ക്കുക എന്നോര്‍മ്മപ്പെടുത്തിയാണ് ശില്‍പ്പിയും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലിന്റെ നേതൃത്വത്തില്‍ ഉമയനല്ലൂരില്‍ നടന്ന താജ്മഹല്‍ ശില്‍പ്പനിര്‍മാണം പ്രതിഷേധ കൂട്ടായ്മ സൃഷ്ടിച്ചു.
ലോക മഹാത്ഭുതങ്ങളില്‍ ഒന്നും ലോകത്തെ മൂന്നാമത്തെ ടൂറിസ്റ്റ് കേന്ദ്രവുമായ താജ്മഹലിന് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ശില്‍പ്പനിര്‍മാണത്തിന് ഉമയനല്ലൂര്‍ അലയന്‍സ് യൂത്ത് സെന്ററിന്റെ പ്രവര്‍ത്തകരടക്കം സഹായത്തിനെത്തി. 
രാവിലെ മുതല്‍ വൈകിട്ട് വരെ വിശ്രമരഹിതമായി മറ്റ് കലാകാരന്മാരും ശില്‍പ്പനിര്‍മാണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പൂര്‍ണമായും തെര്‍മോകോളില്‍ നിര്‍മിച്ച ശില്‍പ്പം താജ്മഹലിന്റെ നേര്‍പ്പതിപ്പായി. കലാസാഹിത്യസംഘം ഏരിയകമ്മിറ്റി അംഗവും കലാകാരനുമായ ബാബുജി ശാസ്താംപൊയ്ക, സിപിഐ എം കൊട്ടിയം ലോക്കല്‍കമ്മിറ്റി അംഗവും ശില്‍പ്പിയുമായ എസ് ഷിബു എന്നിവര്‍ ബിജുവിനെ സഹായിച്ചു.  
സിപിഐ എം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന നഗറായ സി കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ഹാളില്‍ ശില്‍പ്പം പ്രദര്‍ശനത്തിന് വയ്ക്കുമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി അഡ്വ. ഡി സുരേഷ്കുമാര്‍ പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top