15 November Thursday

സ്നേഹം ഇലയിൽ വിളമ്പി യുവത്വത്തിന്റെ മാതൃക

സ്വന്തം ലേഖകൻUpdated: Thursday Aug 2, 2018

ഡിവൈഎഫ്‌ഐയുടെ ഹൃദയസ്‌പർശം പരിപാടിയുടെ 501‐ാം ദിവസം സംസ്ഥാന പ്രസിഡന്റ്‌ എ എൻ ഷംസീർ എംഎൽഎ ഭക്ഷണപ്പൊതി വിതരണംചെയ്യുന്നു

കൊല്ലം

ഇത് മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃക. അശരണരായ രോഗികൾക്ക് യുവത്വം വിളമ്പുന്ന പൊതിച്ചോറിന് കാരുണ്യത്തിന്റെയും കരുതലിന്റെയും മധുരം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിത്തുടങ്ങിയിട്ട് 500  നാൾ പിന്നിട്ടു. അഞ്ഞൂറ്റി ഒന്നാം നാളിലെ ഉച്ചഭക്ഷണവിതരണം ബുധനാഴ്ച എ എം ഷംസീർ എംഎൽഎ ഉദ്ഘാടനംചെയ്തു. 
ചവറ വെസ്റ്റ് മേഖലാ കമ്മിറ്റി എത്തിച്ച 3500 പൊതിച്ചോറ്  വിതരണംചെയ്തു. ജീവന് രക്തം, വിശപ്പിന് ഭക്ഷണം എന്ന സന്ദേശവുമായി ഡിവൈഎഫ്ഐ ജില്ലാ ആശുപത്രിയിൽ ഉച്ചഭക്ഷണ പദ്ധതി തുടങ്ങിയത് 2017 മാർച്ച് 15നാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന കെ എൻ ബാലഗോപാലായിരുന്നു ഉദ്ഘാടകൻ. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ  യൂണിറ്റ് കമ്മിറ്റികൾ അതാത് പ്രദേശത്തെ വീടുകളിൽനിന്ന് ശേഖരിക്കുന്ന പൊതിച്ചോർ വാഹനങ്ങളിലെത്തിച്ചാണ് വിതരണം. യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ വിതരണംചെയ്യുന്ന പൊതിച്ചോറ് വാങ്ങാൻ രോഗികളും കൂട്ടിരിപ്പുകാരും നിരയായി കാത്തുനിൽക്കും. തുടക്കത്തിൽ 2500 പൊതിയാണ് നൽകിയിരുന്നത്. തിരക്കേറിയതോടെ 4500 പൊതിവരെ വിതരണം ചെയ്യാറുണ്ടെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു. വിക്ടോറിയ ആശുപത്രിയിലെ രോഗികളും ഉച്ചഭക്ഷണം വാങ്ങാനെത്തും. ചില ദിവസങ്ങളിൽ ഉച്ച ഭക്ഷണ വിതരണം വിതരണം വൈകിട്ടു നാലുവരെ നീളും. ഹർത്താലും അവധിയും ആഘോഷവുമൊന്നും ഭക്ഷണ വിതരണത്തിന് തടസമാകില്ല. ജില്ലയിലെ 147 മേഖലാ കമ്മിറ്റികളും പൊതിച്ചോറ് വിതരണത്തിൽ പങ്കാളികളാണ്. കഴിഞ്ഞ തിരുവോണനാളിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കായി വിഭവസമൃദ്ധമായ സദ്യയുമൊരുക്കി. എം മുകേഷ് എംഎൽഎയും സിപിഐ എം ഏരിയ സെക്രട്ടറി എ എം ഇക്ബാലും രോഗികൾക്കൊപ്പം സദ്യയുണ്ടു.  ഭക്ഷണ വിതരണത്തിനു മാത്രമല്ല, രക്തദാനത്തിലും യുവാക്കൾ സജീവം. കഴിഞ്ഞ വർഷം ജില്ലാ ആശുപത്രിയ ബ്ലഡ് ബാങ്കിലേക്ക് കൂടുതൽ രക്തം നൽകിയതിനുള്ള അവാർഡ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിക്കായിരുന്നു. തീർത്തും ദരിദ്രരായ  രോഗികൾക്ക് വീൽചെയറും വസ്ത്രങ്ങളും വാങ്ങിനൽകുന്നു. 
അഞ്ഞൂറ്റിഒന്നാം നാളിലെ ഭക്ഷണ വിതരണ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ് ആർ അരുൺബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ ബിജു സ്വാഗതംപറഞ്ഞു. സമസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ രാജേഷ്, രഞ്ജു സുരേഷ്, ടി ഗോപിലാൽ, യൂത്ത് ബ്രിഗേഡ് ജില്ലാ ക്യാപ്റ്റൻ പി ശക സുധീർ, ചവറ ഏരിയ സെക്രട്ടറി രതീഷ്, ഷാജി, പ്രസാദ്, നാസിം, മനുദാസ് എന്നിവർ നേതൃത്വംനൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top