25 September Tuesday
സ്വകാര്യബസുകളെ സഹായിക്കാനെന്ന‌് ആക്ഷേപം

പുതിയ ബസില്ല; കെഎസ‌്ആർടിസി വേണാട‌് സർവീസ‌് ഇഴയുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

 

കൊല്ലം
ഏറെ പ്രതീക്ഷയോടെ തുടങ്ങിയതും യാത്രക്കാർ ആശ്രയിക്കുന്നതുമായ കെഎസ്ആർടിസിയുടെ വേണാട് ചെയിൻ സർവീസുകൾ വഴിമുടക്കികളാകുന്നു. സർവീസ് തുടങ്ങിയ കാലത്തെ ബസുകൾ തന്നെയാണ് ഇന്നുമുള്ളത്. അറ്റകുറ്റപണിപോലും സമയത്തില്ലാതായി. ഇതുമൂലം ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഒരോ റൂട്ടിലും പല ബസുകളും പണിമുടക്കുന്നു.  സ്വകാര്യബസുകൾ അടക്കിവാഴുന്ന റൂട്ടുകളാണിത്. കെഎസ്ആർടിസി ബസുകളുടെ അറ്റുകുറ്റപണി വൈകുന്നതും പുതിയ ബസ് അനുവദിക്കാത്തതും സ്വകാര്യബസുകൾക്കാണ് ഗുണംചെയ്യുന്നത്.
കൊല്ലം‐ പത്തനംതിട്ട, കൊല്ലം‐ കുളത്തൂപ്പുഴ ലിമിറ്റഡ് സ്റ്റോപ്പ് വേണാട് സർവീസുകളാണ് ആദ്യം തുടങ്ങിയത്. തുടർന്ന് കൊല്ലം‐ ചെങ്ങന്നൂർ സർവീസും. കൊല്ലം‐ പത്തനംതിട്ട സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ആറു വീതവും കൊല്ലം‐ കുളത്തൂപ്പുഴ സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ഏഴ് വീതവും കൊല്ലം‐ ചെങ്ങന്നൂർ സർവീസിന് ഇരു ഡിപ്പോകളിൽ നിന്ന് ഏഴു വീതവും ബസുകളാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതിൽ പല ബസുകളും വർഷങ്ങൾ കഴിഞ്ഞപ്പോൾ തകരാറായി. ഡ്യൂട്ടി കണ്ടക്ടറും ഡ്രൈവറും ആവശ്യപ്പെട്ടാലും അറ്റകുറ്റപണിക്ക് നടപടിയില്ല. പരാതിപ്പെട്ടാലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. 
കഴിഞ്ഞാഴ്ച കുളത്തൂപ്പുഴ സർവീസ് നടത്തിയ രണ്ട് ബസുകൾ വഴിയിൽമുടങ്ങി. ഈ റൂട്ടിൽ കൊല്ലം ഡിപ്പോയിൽ നിന്നുള്ള ബസുകളാണ് ഏറെ പഴകിയത്. വേണാട് സർവീസ് കാത്തുനിന്ന് പോകുന്ന യാത്രക്കാരാണ് ഏറെയും. എന്നാൽ ഇവരെ നിരാശപ്പെടുത്തുന്ന അനുഭവമാണ് മിക്കപ്പോഴും. 
ഈ റൂട്ടുകളിൽ പുതിയ ബസ് അനുവദിക്കാത്തത് സ്വകാര്യബസുകളെ സഹായിക്കാനാണെന്ന ആക്ഷേപമുയർന്നിട്ടും അധികൃതർ അനങ്ങുന്നില്ല. ഇതുമൂലം ഈ റൂട്ടുകളിൽ ഡ്യൂട്ടിക്ക് പേകാൻ ജീവനക്കാർക്കും താൽപ്പര്യമില്ല. വണ്ടി മുടങ്ങിയാൽ ജീവനക്കാർക്ക് ഡ്യൂട്ടിയുമില്ല, അലവൻസുമില്ല എന്ന അവസ്ഥയാണുള്ളത്. അധികഡ്യൂട്ടിക്കാണ് ഈ പ്രശ്നം. ഈ റൂട്ടുകളിൽ ഏറെയും ഓവർഡ്യൂട്ടിയാണ് ജീവനക്കാർ ചെയ്യുന്നത്. ഇപ്പോൾ ദിവസം 12000‐13000 വരെ കളക്ഷൻ ലഭിക്കുന്ന വേണാട് സർവിസിന് പുതിയ ബസുകൾ അനുവദിച്ചാൽ വരുമാനം 18000 രൂപ വരെയാകുമെന്ന് ജീവനക്കാർ ചൂണ്ടികാട്ടുന്നു. 
പഴയ ബസുകൾ ഓടിക്കുന്നതുമൂലം യാത്രക്കാർ മറ്റ് വാഹനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്. കെഎസ്ആർ
ടിസി അധികൃതർ യാത്രക്കാരെ ആകർഷിക്കുന്ന നടപടി സ്വീകരിക്കാത്തത് സമാന്തര സർവീസ് നടത്തിപ്പുകാർക്കും ഗുണകരമാകുന്നു. 
ചവറ‐പത്തനംതിട്ട, കൊല്ലം‐ അഞ്ചാലുംമൂട്‐ കുണ്ടറ‐ഭരണിക്കാവ്‐ചാരുംമൂട്, കൊല്ലം‐കുളത്തൂപ്പുഴ റൂട്ടുകൾ കാലങ്ങളായി സ്വകാര്യബസുകൾ സർവീസ് നടത്തുന്ന റൂട്ടാണ്. ഇതിനിടെ വേണം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി കൂടുതൽ യാത്രക്കാരെ ആകർ
ഷിക്കേണ്ടത്. പ്രായോഗിക
മായ  പരിഷ്ക്കരണ നടപടികൾ അധികൃതർ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഇത് വേണാട് സർവീസിനെ ഇല്ലാതാക്കുമെന്നും ആശങ്കയുയർന്നു കഴിഞ്ഞു.
 
പ്രധാന വാർത്തകൾ
Top