22 September Saturday

ദുരിതബാധിതരോട് മുഖം തിരിച്ച് ഡിസിസി

സ്വന്തം ലേഖകന്‍Updated: Saturday Sep 1, 2018
കൊല്ലം
പ്രളയദുരന്തത്തിനു ശേഷം ദുരിതാശ്വാസത്തിനും ശുചീകരണത്തിനുമായി  കർമരംഗത്തിറങ്ങാനുള്ള തീരുമാനം നടപ്പാക്കാനാകാതെ ഡിസിസി നേതൃത്വം. ഡിസിസി ഭാരവാഹികളും  ഒരു മണ്ഡലത്തിൽനിന്ന് കുറഞ്ഞത് 10 പ്രവർത്തകരും ശുചീകരണത്തിൽ പങ്കാളികളാകണമെന്ന പാർടി നിർദേശം കൊല്ലത്ത്  നടപ്പാക്കാനായില്ല.   നാടൊന്നടങ്കം ഒരു മനസ്സോടെ സന്നദ്ധപ്രവർത്തനത്തിൽ  സജീവമാകുമ്പോൾ ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ സർക്കുലറിന് പുല്ലുവില കൽപ്പിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പിൻവലിഞ്ഞു.  നിർദേശം ജലരേഖയാകാതിരിക്കാനും മുഖം രക്ഷിക്കാനും  ഒടുവിൽ  പേരിന് പ്രസിഡന്റും വിരലിലെണ്ണാവുന്നവരും കഴിഞ്ഞ ദിവസം ആലപ്പൂഴയിലെ തകഴിയിൽ ശുചീകരണത്തിനിറങ്ങി  ഫെയ‌്സ‌്ബുക്കിൽ  പടമിടുകയായിരുന്നു.
ഡിസിസിയുടെ കീഴിൽ   135 മണ്ഡലം ജില്ലയിലുണ്ട്. 78 ഡിസിസി ഭാരവാഹികളും. എന്നാൽ,  തകഴിയിൽ നടന്ന ശുചീകരണപ്രവർത്തനത്തിൽ പങ്കെടുത്തത് 10  ഭാരവാഹികൾ. നാല് വൈസ‌് പ്രസിഡന്റുമാരിൽ  വിപിനചന്ദ്രൻ മാത്രം ഇറങ്ങി. 22 ബ്ലോക്ക് പ്രസിഡന്റുമാരിൽ സന്നദ്ധപ്രവർത്തനത്തിന് എത്തിയത് മൂന്നുപേരാണ്.  തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായവർ ഉൾപ്പെടെ പ്രളയബാധിതമേഖലയിൽനിന്ന് മാറിനിന്നു. 
കൊടിക്കുന്നിൽ സുരേഷ് എംപിയോട് അടുപ്പം പുലർത്തുന്ന കിഴക്കൻ  മേഖലയിലുള്ളവർ ഡിസിസി പ്രസിഡന്റ‌്  നിർദേശിച്ച ദിവസം വിട്ടുനിൽക്കുകയും പിന്നീട് പങ്കാളികളാകുകയും ചെയ്തു. മണ്ഡലം ഭാരവാഹികളെ ഇതുവരെ നിശ്ചയിക്കാത്ത സ്ഥലങ്ങളാണിത്. കരുനാഗപ്പള്ളി, കുന്നത്തൂർ, ചവറ മണ്ഡലങ്ങളിൽനിന്നുള്ള ചിലർ മാത്രമാണ്  ബുധനാഴ്ച ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ തകഴിയിൽ എത്തിയത്. 
സന്നദ്ധപ്രവർത്തനത്തിന് ഇറങ്ങുന്നവർ അതത് മേഖലകളിൽനിന്ന്  വാഹനത്തിൽ എത്തണമെന്നായിരുന്നു നിർദേശം . മൈനാഗപ്പള്ളിയിൽനിന്നുള്ള പ്രവർത്തകർ മാത്രം മൂന്നു വാഹനത്തിൽ എത്തി. ശുചീകരണത്തിന് നിശ്ചയിച്ച സ്ഥലത്തെത്തിയവർ  ശുഭ്രവസ്ത്രധാരികളായി ചിത്രത്തിന് പോസ് ചെയ്യാൻ ശ്രമിച്ചപ്പോൾ  ആലപ്പുഴ ഡിസിസി പ്രസിഡന്റ‌് എം ലിജു വിലക്കി. അതിനു ശേഷമാണ്  കാറിൽ കരുതിയിരുന്ന ട്രാക്‌സ്യൂട്ട് അടക്കം ധരിച്ച് നിലത്തിറങ്ങിയത്.
 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക്  സന്നദ്ധസേവനത്തോടുള്ള വിമുഖതയും പാർടിക്കുള്ളിൽ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. എഐസിസി പ്രസിഡന്റ‌് രാഹുൽഗാന്ധിയുടെ സന്ദർശനത്തിനിടെ ഇക്കാര്യം ചർച്ചയായിരുന്നു. വിഷയം ബോധ്യപ്പെട്ട അഖിലേന്ത്യ നേതൃത്വം  നേതാക്കളായ ഡീൻ കുര്യാക്കോസിനെയും സി ആർ മഹേഷിനെയും ശാസിച്ചതായാണ് സൂചന.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top