23 September Sunday

പ്രളയം: അടിയന്തര സഹായ വിതരണം 2 ദിവസത്തിനകം പൂർത്തിയാകും

സ്വന്തം ലേഖകൻUpdated: Saturday Sep 1, 2018
കൊല്ലം
പ്രളയ ദുരിതബാധിതർക്ക് സർക്കാരിന്റെ അടിയന്തര സഹായ വിതരണം ജില്ലയിൽ ത്വരിത ഗതിയിൽ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്കും കുറഞ്ഞത് രണ്ടു ദിവസം വെള്ളം ഇറങ്ങാതെനിന്ന വീടുകളിലെ താമസക്കാർക്കുമാണ് 10,000 രൂപ വിതരണംചെയ്യുന്നത്. ജില്ലയിൽ 4421 കുടുംബങ്ങൾക്കാണ് അടിയന്തര സഹായധനം വിതരണംചെയ്യുന്നത്. അതിൽ 1822 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക അയച്ചുകഴിഞ്ഞു. ബാങ്ക്് പാസ്ബുക്കിന്റെ പകർപ്പ് ഉൾപ്പെടെ രേഖകൾ ഹാജരാക്കാൻ  കാലതാമസം വരുത്തിയ 2599 കുടുംബങ്ങൾക്ക് നടപടിക്രമം പൂർത്തിയാക്കി ധനസഹായം രണ്ടു ദിവസത്തിനകം ബാങ്ക് അക്കൗണ്ട്വഴി നൽകും. അതോടെ പ്രളയബാധിതർക്കുള്ള അടിയന്തര സഹായവിതരണം ജില്ലയിൽ പൂർത്തിയാകും. 
2557 കുടുംബങ്ങൾ ഉൾപ്പെട്ട കൊല്ലം താലൂക്കാണ് പട്ടികയിൽ ഒന്നാമത്. പത്തനാപുരം 142, കരുനാഗപ്പള്ളി 933, പുനലൂർ 63, കുന്നത്തൂർ 576, കൊട്ടാരക്കര 142 എന്ന ക്രമത്തിലാണ് മറ്റു താലൂക്കുകളിലെ ദുരിതബാധിതർ. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്കെല്ലാം സഹായം ലഭിക്കും. കൂടാതെ അപേക്ഷ പരിഗണിച്ച് വിശദ പരിശോധനയ്ക്കു ശേഷം നടപടിക്രമം പൂർത്തിയാക്കി അർഹരായവരെ കണ്ടെത്തി വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ തഹസിൽദാർമാർ വീണ്ടും പരിശോധിച്ച ശേഷമാണ് അന്തിമപട്ടിക തയ്യാറാക്കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള 6200 രൂപയും കേന്ദ്ര ദുരിതാശ്വാസ ഫണ്ടിൽനിന്ന് 3800 രൂപയും ചേർത്താണ് അടിയന്തര സഹായം നൽകുന്നത്. 
തുടക്കത്തിൽ ജില്ലയിൽ 107 ദുരിതാശ്വാസ ക്യാമ്പിലായി 5694 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്‐ 18930 പേർ. ആലപ്പുഴ ജില്ലയിൽനിന്നുള്ള 104 കുടുംബങ്ങളെ (410 പേർ) കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലും കരുനാഗപ്പള്ളിയിലെ ക്യാമ്പിലുമായി താമസിപ്പിച്ചിരുന്നു. ദുരിതബാധിതർ ഭുരിപക്ഷവും വീടുകളിലേക്കു മടങ്ങിയതോടെ ജില്ലയിൽ രണ്ടിടത്തു മാത്രമാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നത്. കുണ്ടറ മുളവനയിലും കരുനാഗപ്പള്ളി  പകൽവീട്ടിലുമായി 17 അംഗങ്ങളുള്ള നാല് കുടുംബങ്ങൾ കഴിയുന്നു. മുളവന ക്യാമ്പിലുള്ളത് ആലപ്പുഴയിൽനിന്നുള്ള  കുടുംബമാണ്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top