18 September Tuesday
പ്രണയബന്ധം ഉപേക്ഷിച്ചു

പെൺകുട്ടിക്കു നേരെ ട്രെയിനിൽ ആസിഡ് ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
 
കൊട്ടാരക്കര
പ്രണയബന്ധം ഉപേക്ഷിച്ചതിന് ട്രെയിനിൽ പെൺകുട്ടിക്കു നേരെ യുവാവിന്റെ ആസിഡ് ആക്രമണം. പുനലൂര്‍ മണിയാർ ബിന്ദുജ ഭവനിൽ ബിജിനി (18)ക്കാണ് ആസിഡ്  ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. സഹയാത്രികനായ കൊല്ലം അഷ്ടമുടി മണലിക്കട വാഴക്കൂട്ടത്തിൽ വീട്ടിൽ അലോഷ്യസി (22)ന്റെ ദേഹത്ത് ആസിഡ് വീണ് പൊള്ളലേറ്റു. ആക്രമണം നടത്തിയ പുനലൂർ പ്ലാത്തറ കളിയിലുവിള വീട്ടിൽ അരുണി (18)നെ നാട്ടുകാർ പിടികൂടി കൊട്ടാരക്കര പൊലീസിനു കൈമാറി. 
കൊല്ലത്തുനിന്ന‌് പുനലൂരിലേക്ക‌ു പുറപ്പെട്ട ഗുരുവായൂർ﹣ പുനലൂർ ട്രെയിൻ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിക്കു നേരെ ആക്രമണമുണ്ടായത്. നിർത്തിയിട്ടിരുന്ന ട്രെയിനിൽ  ഇരുന്ന പെൺകുട്ടിയുടെ മുഖത്തേക്ക് മുഖംമറച്ച് എത്തിയ യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ പെൺകുട്ടിയെയും സഹയാത്രികന്‍ അലോഷ്യസിനെയും  യാത്രക്കാരും റെയിൽവേ ജീവനക്കാരും  ഉടനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇരുവരെയും തിരുവനന്തപുരം മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്കു മാറ്റി. അരുണും ബിജിനിയും  പ്ലസ്ടുവിന് പഠിക്കുമ്പോൾ മുതൽ  പ്രണയത്തിലായിരുന്നെന്നും  അടുത്തിടെ പെൺകുട്ടി ഈ ബന്ധത്തിൽനിന്നു പിന്മാറിയതിന്റെ  വൈരാഗ്യമാണ് ആസിഡ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റെയിൽവേ പൊലീസിന് കൈമാറുമെന്ന് കൊട്ടാരക്കര പൊലീസ് അറിയിച്ചു .
പ്രധാന വാർത്തകൾ
Top