23 September Sunday

അലിൻഡ് പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണ വിതരണ ശൃംഖല ആരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
കൊല്ലം
കുണ്ടറ അലിൻഡിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണവും വിതരണവും ആരംഭിക്കുന്നതിന് മന്ത്രി മേഴ‌്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ വ്യവസായ മന്ത്രി എ സി മൊയ്തീൻ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി.
അലിൻഡിന്റെ മാന്നാർ യൂണിറ്റിലേക്ക് ആവശ്യമായ ഉൽപ്പന്നങ്ങളുടെ നിർമാണപ്രവർത്തനമാണ് കുണ്ടറയിൽ നടന്നുവരുന്നത്. കുണ്ടറ അലിൻഡ് യൂണിറ്റ് അവരുടേതായ പ്രത്യേക ഉൽപ്പന്നങ്ങൾ നിർമിച്ച് വിതരണം ചെയ്യുന്നതിലൂടെ മാത്രമേ ഫാക്ടറി തുറന്നതിന്റെ ലക്ഷ്യം സാധിക്കൂ. 
സ്റ്റീൽ വയർ, അലൂമിനിയം കണ്ടക്ടർ ഉൾപ്പെടെ ഇലക്ട്രിക്കൽ സാധനങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് കുണ്ടറ അലിൻഡ് യൂണിറ്റിൽ കൂടുതലായി ഉൽപ്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. വൈവിധ്യവൽക്കരണത്തിലൂടെ മാത്രമെ മാർക്കറ്റിലുള്ള മത്സരം നേരിടുന്നതിന് അലിൻഡിന് കഴിയൂ. ഇതിനാവശ്യമായ നടപടികളാണ് ഭാവിയിൽ ഉണ്ടാകേണ്ടതെന്ന് യോഗം വിലയിരുത്തി. 
ഇപ്പോൾ ഉൽപ്പാദിപ്പിക്കുന്ന കണ്ടക്ടറുകൾ സംസ്ഥാന വൈദ്യുതി വകുപ്പിന് നൽകുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. 
വൈദ്യുതി വകുപ്പ് ടെൻഡർ ക്ഷണിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ കണ്ടക്ടറുകൾ വാങ്ങുമ്പോൾ അതേ നിരക്കിൽതന്നെ കണ്ടക്ടറുകൾ കുണ്ടറ അലിൻഡിൽനിന്ന് വാങ്ങുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയുമായി ചർച്ച ചെയ്ത് ഇതിന് ആവശ്യമായ നടപടി സ്വീകരിക്കും. 
കുണ്ടറ അലിൻഡിന്റെ ഇന്നുള്ള ഭൂമി സർവേ ചെയ്ത് എത്ര ഏക്കറാണ് ഉള്ളതെന്ന് കൃത്യമായി കണക്കാക്കും. അലിൻഡിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള ഭൂമി നൽകും. ബാക്കിയുള്ള ഭൂമി സർക്കാരിന്റെ മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. 
വ്യവസായസെക്രട്ടറി സഞ്ജയ് കൗൾ, അലിൻഡ് ഡയറക്ടർ കെ വി റാവു, ടെക്‌നിക്കൽ അഡ്‌വൈസർ ഒ സി ചെറിയാൻ, ചീഫ് എക്‌സിക്യൂട്ടീവ് ആർ ശ്രീകുമാർ, ബേബി ഓസ്റ്റിൻ, ടി ബിനു എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top