19 October Friday

ശബരിമല പാത്രം അഴിമതി; മുന്‍ സെക്രട്ടറിയെ സംരക്ഷിക്കാന്‍ നീക്കം

മനോജ് വാസുദേവ്Updated: Sunday Dec 31, 2017

ശബരിമല > ശബരിമലയിലെ കോടികളുടെ പാത്രം അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ദേവസ്വം ബോര്‍ഡ് മുന്‍സെക്രട്ടറി വി എസ് ജയകുമാറിനെ സംരക്ഷിച്ച് ദേവസ്വം കമീഷണര്‍. ജയകുമാറിനെതിരായ ആരോപണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശം പാലിക്കാതെ ഒളിച്ചുകളിക്കുകയാണ് കമീഷണര്‍. മൂന്നുതവണ ബോര്‍ഡ് അധികൃതര്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായില്ല.

വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഗസ്തില്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഴിമതിക്കേസില്‍ സംസ്ഥാന വിജിലന്‍സ് അന്വേഷണം തുടങ്ങിയതോടെ നിര്‍ബന്ധിത അവധിയിലാണ് ജയകുമാര്‍. മുന്‍ ദേവസ്വം മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ സഹോദരനാണ് കേസില്‍ ഒന്നാംപ്രതിയായ വി എസ് ജയകുമാര്‍. ഇതേ കേസില്‍ അന്ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനെ മുന്‍ ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ജയകുമാറിന്റെ കാര്യത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായ ബോര്‍ഡ് ഒളിച്ചുകളിച്ചു. മുന്‍ ബോര്‍ഡ് പ്രസിഡന്റും അംഗം അജയ് തറയിലും ചേര്‍ന്ന് ജയകുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പിന്‍വാങ്ങി.

2013, 2014 കാലയളവില്‍ ശബരിമലയിലേക്ക് പാത്രം വാങ്ങിയെന്ന പേരില്‍ രണ്ട് ഘട്ടങ്ങളിലായി 2.97 കോടി രൂപയുടെ അഴിമതി നടന്നതായി ദേവസ്വം ഓംബുഡ്സ്മാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുശേഷമാണ് ആരോപണംസംബന്ധിച്ച് വകുപ്പുതലത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമീഷണറോട് ആവശ്യപ്പെട്ടത്. എന്നാല്‍, മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

2013, 2014 കാലയളവില്‍ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പാത്രം ഇടപാടിലാണ് കോടികളുടെ ക്രമക്കേട് നടന്നത്. തിരുവനന്തപുരത്തെയും കരുനാഗപ്പള്ളിയിലെയും ചില സ്ഥാപനങ്ങളുടെ പേരിലുള്ള ബില്‍ ഹാജരാക്കി തുക തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇല്ലാത്ത കടകളുടെ പേരില്‍ ബില്‍ തയ്യാറാക്കി തുക തട്ടിയെടുത്ത സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ഇടവമാസ പൂജാസമയത്ത് ശബരിമലയില്‍ പരിശോധന നടത്തിയെങ്കിലും 1.87 കോടിയുടെ പാത്രങ്ങള്‍ കണ്ടെത്താനായില്ല.

പ്രധാന വാർത്തകൾ
Top