Top
24
Friday, November 2017
About UsE-Paper

കള്ളനോട്ട് : 3 കാമറൂണ്‍ സ്വദേശികള്‍ അറസ്റ്റില്‍

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > നഗരത്തില്‍ ഹോട്ടലില്‍നിന്നും 16 ലക്ഷംരൂപയുടെ കള്ളനോട്ടുകള്‍ കണ്ടെടുത്ത  കേസില്‍ അന്താരാഷ്ട്രതട്ടിപ്പുസംഘത്തിലെ തലവനടക്കം മൂന്ന് കാമറൂണ്‍ സ്വദേശികള്‍കൂടി അറസ്റ്റില്‍. ഇനോനി പിയേര (52), സിമോ ഫോട്സോ വിക്ടര്‍ (49), ടെനെ ഫോങ്കോ ഗുസ്താവെ ജൂലിസ് ബോലിസ് (42) എന്നിവരാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമീഷണര്‍ രാഹുല്‍ ആര്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 6,38,000 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടുണ്ടാക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, സ്കാനര്‍, കംപ്യൂട്ടര്‍, രാസലായനി, മൊബൈല്‍ഫോണുകള്‍, വ്യാജപാസ്പോര്‍ട്ട് എന്നിവയും കണ്ടെടുത്തു. സിറ്റി ഷാഡോ പൊലീസ് ഉള്‍പ്പെട്ട പ്രത്യേക അന്വേഷകസംഘം ബംഗളൂരുവില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മതിലകം സ്വദേശി അശോകന്‍ നേരത്തേ അറസ്റ്റിലായിരുന്നു.

ഒക്ടോബര്‍ ആറിന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനടുത്തുള്ള  ഹോട്ടലില്‍നിന്നാണ് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. ഹോട്ടലില്‍ പൊലീസുണ്ടെന്ന് സംശയംതോന്നിയതോടെ ഇവര്‍ ബാഗുപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തുടരന്വേഷണത്തില്‍ അശോകന്‍ അറസ്റ്റിലായി. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മറ്റു പ്രതികളെ പിടികൂടാനായത്. അശോകന് വിദേശികളില്‍ ഒരാളുടെ പേര് ഡേവിഡ് വില്യംസ് എന്നു മാത്രമേ അറിയുമായിരുന്നുള്ളൂ.  ഒരാള്‍  50 വയസ്സോളം പ്രായമുള്ളയാളും മറ്റൊരാള്‍  25 വയസ്സ് പ്രായമുള്ള ആളെന്നുമായിരുന്നു മൊഴി. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍ എന്നിവ വഴി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ വംശജരുടെ പേരുകള്‍ ശേഖരിച്ചു. അശോകന്റെ കൂടെ മസ്കത്തിലെ ജയിലില്‍ കഴിഞ്ഞ വിദേശികളുടെ വിവരവും ശേഖരിച്ചു. 

വിദേശികള്‍ ബഗളൂരുവിലേക്കാണ് ബസ് മാര്‍ഗം പോയതെന്ന വിവരം ലഭിച്ചു. ബംഗളൂരുവിലെത്തി ഹോട്ടലില്‍നിന്നും ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ കാണിച്ചതോടെ വിദേശിയായ ചെറുപ്പക്കാരനെപ്പറ്റി സൂചനകള്‍ ലഭിച്ചു. ഇയാള്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നയാളാണെന്നും സൂചന ലഭിച്ചു. ലോകബാങ്കിന്റെ വായ്പ കിട്ടുന്നതിനായി സമീപിക്കുന്ന മലയാളികളായി പൊലീസ് വേഷംമാറി ചെന്നു. ലോകബാങ്കില്‍നിന്നുള്ളവരെന്ന് പറഞ്ഞെത്തിയ വിദേശികളെ ബംഗളൂരുവിലെ കമ്മനഹള്ളിയില്‍വച്ച് പൊലീസ്സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒറിജിനല്‍ നോട്ടിന് ഇവര്‍ ഇരട്ടി കള്ളനോട്ടുകളാണ് നല്‍കുക. പ്രത്യേക രാസലായനികളില്‍ നോട്ട് മുക്കി വിശ്വാസ്യതയുണ്ടാക്കും. എന്നാല്‍, രാസലായനികളില്‍ മുക്കുന്നത് ഒറിജിനല്‍ നോട്ടായിരിക്കും. നോട്ടുകെട്ടിന്റെ അടിയില്‍ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് മാത്രമായിരിക്കും.