17 November Saturday

വാഹനം വാങ്ങാൻ ചെലവേറും ; തേർഡ് പാർടി ഇൻഷുറൻസ് നിബന്ധന നാളെമുതൽ

പി ജി സുജUpdated: Friday Aug 31, 2018



പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സെപ്തംബര്‍ ഒന്നുമുതല്‍ ചെലവേറും. പുതിയ വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തേക്ക് മാത്രം തേർഡ് പാർടി ഇൻഷുറൻസ് എടുക്കുന്ന സംവിധാനം ഈമാസത്തോടെ അവസാനിപ്പിക്കും. ഇനി മുതല്‍ കാറുവാങ്ങുമ്പോള്‍ മൂന്നുവർഷത്തേക്കുള്ള പോളിസി ഒന്നിച്ചടക്കണം. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുള്ള ഇന്‍ഷുറന്‍സും എടുക്കണം.

തേർഡ് പാർടി ഒഴികെയുള്ള വാഹന പോളിസികളുടെ കാലപരിധിയിൽ മാറ്റമില്ല. തുടർന്നുള്ള രണ്ടുവർഷങ്ങളിൽ പോളിസി അടക്കേണ്ട എന്ന മെച്ചമുണ്ടെങ്കിലും കാർ സ്വന്തമാക്കുക എന്നതിന‌് ചെലവേറും.  പുതുക്കിയ നിരക്കനുസരിച്ച് 1000 സിസി വരെയുള്ള  ചെറുകാറുകൾക്ക് നിലവിലെ 1850 രൂപയിൽനിന്ന് 5286 രൂപയായും 1500 സിസിക്കു മുകളിലുള്ളവയുടെ പോളിസി തുക 7890 രൂപയിൽനിന്ന് 24305 രൂപയായും ഉയരും. 75 സിസി   വരെയുള്ള  ഇരുചക്രവാഹനങ്ങൾക്ക് നിലവിൽ 427 രുപ തേർഡ്പാർടി പോളിസിക്കാകുമെങ്കിൽ ഇനിയത് 1045 രൂപയാകും.

350 സിസിക്കു മുകളിൽ എൻജിൻ ശേഷിയുള്ളവക്ക് 2323 രൂപയിൽനിന്ന് 13024രൂപയായി ഉയരും . ഓരോ മോഡലിനുമനുസരിച്ച് പ്രീമിയം തുകയിൽ വ്യത്യാസമുണ്ടാകും .

ജൂലൈ 20 ന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് സെപ്തംബർ ഒന്നുമുതലുള്ള  എല്ലാ തേർഡ് പാർടി പോളിസികൾക്കും ഇതു ബാധകമാണ്. പോളിസി നിയമപരമായി നിർബന്ധമാണെങ്കിലും വാഹനത്തിന്  കാലപ്പഴക്കമേറുന്തോറും പോളിസി പുതുക്കുന്നതിൽ വീഴ്ചവരുത്തുന്ന പ്രവണതയേറുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി  ഉത്തരവ് ഇറക്കിയത്.


പ്രധാന വാർത്തകൾ
Top